കാസർകോട്∙തന്റെ വീടിനു മുന്നിലുള്ള തട്ടുകടയിലെത്തുന്നവരും തട്ടുകടയുടെ ഉടമയും നിരന്തരം പുകവലിക്കുന്നത് കാരണം ആരോഗ്യം ക്ഷയിച്ചു പോയെന്ന പ്രദേശവാസിയായ എം രാജലക്ഷ്മിയുടെ പരാതിയിൽ ഇടപെടേണ്ടതില്ലെന്നു മനുഷ്യാവകാശ കമ്മിഷൻ അറിയിച്ചു. തൃക്കരിപ്പൂർ പഞ്ചായത്ത് സെക്രട്ടറിയും ചന്തേര പൊലീസ് ഇൻസ്പെക്ടറും സമർപ്പിച്ച റിപ്പോർട്ട് സ്വീകരിച്ചാണു കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥിന്റെ ഉത്തരവ്.
71 വയസ്സുള്ള ഭർത്താവിന്റെയും 63 വയസ്സുള്ള തന്റെയും ആരോഗ്യം കടയിലെ നിരന്തര പുകവലി കാരണം ക്ഷയിച്ചതായി പരാതിയിലുണ്ട്. തൃക്കരിപ്പൂർ പഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ മേനോക്ക് എന്ന സ്ഥലത്ത് താമസിക്കുന്ന എം. മുകുന്ദൻ, ചക്രപാണി ക്ഷേത്രത്തിന്റെ താമരക്കുളത്തിനടുത്തുള്ള ആൽമരത്തറയ്ക്കു സമീപം ഉന്തുവണ്ടിയിൽ പെട്ടിക്കട നടത്തുന്നുണ്ടെന്നും ഇയാൾക്ക് ശാരീരിക അവശതകൾ ഉണ്ടെന്നും പറയുന്നു.
പെട്ടിക്കടയിൽ പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്നില്ലെന്നാണു മനസ്സിലാക്കുന്നത്. പരാതിക്കാരിയായ കെ.എം.രാജലക്ഷ്മിയുടെ വീടിന് പെട്ടിക്കടയിൽ നിന്ന് 50 മീറ്റർ ദൂരമുണ്ട്. സ്ഥലത്ത് പൊലീസ് നിരീക്ഷണം നടത്തുന്നുണ്ടെന്നും നിയമവിരുദ്ധമായ പ്രവൃത്തികൾ കണ്ടാൽ നിയമ നടപടി സ്വീകരിക്കുമെന്നും ചന്തേര സ്റ്റേഷൻ ഹൗസ് ഓഫിസർ കമ്മിഷനെ അറിയിച്ചു.