കാസർകോട്: കിഴൂരിൽ കടലിൽ കാണാതായ ചെമ്മനാട് സ്വദേശി മുഹമ്മദ് റിയാസിന്റെ വിഷയത്തിൽ സർക്കാരിന്റെ അലംഭാവത്തിനതിരെ തുറന്നടിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. റിയാസ് അപകടത്തിൽ പെട്ട ആദ്യ മണിക്കൂറുകളിൽ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ റിയാസിനെ ജീവനോടെ രക്ഷിക്കാനുള്ള സാധ്യതകളുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നാട്ടുകാരുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നതോടെയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ചെറിയ രീതിയിലെങ്കിലും രക്ഷാപ്രവർത്തനങ്ങളിൽ മാറ്റമുണ്ടായതെന്നും അദ്ദേഹം വിമർശിച്ചു. പിണറായി വിജയന്റെ ഭരണകാലത്ത് ഒരു മനുഷ്യജീവന് വേണ്ടി ജനങ്ങൾ തെരുവിൽ പ്രതിഷേധിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. കഴിഞ്ഞ ദിവസം മുഹമ്മദ് റിയാസിന്റെ വീട് സന്ദർശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കല്ലട്ര അബ്ദുൽ ഖാദർ, മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി ടിഡി കബീർ, മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്‌തഫ,കെ ടി നിയാസ് ജില്ലാ യൂത്ത് ലീഗ് ട്രഷറർ ഷാനവാസ്, യൂത്ത് ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി ബികെ ഷാ, യൂത്ത് ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി സുൽവാൻ, കെഎംസിസി നേതാക്കളായ അബ്ബാസ്, റാഫി പള്ളിപ്പുറം, ബ്ലോക്ക് മെമ്പർ ബദ്‌റുൽ മുനീർ,ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ അമീർ പാലോത്ത് എന്നിവരും സന്ദർശനത്തിൽ ഭാഗമായി.