ലണ്ടൻ: ബ്രിട്ടനിൽ ഇന്ത്യൻ പ്രവാസി വിദ്യാർത്ഥിനിയെ കുത്തിക്കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശിനിയായ കോന്തം തേജസ്വിനി എന്ന 27 കാരിയേയാണ് ലണ്ടനിലെ വെംബ്ലിയിൽ വച്ച് കൊലപ്പെടുത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെ വസതിക്ക് മുന്നിൽ വച്ച് ഒരു ബ്രസീലിയൻ പൗരൻ ആക്രമിച്ചതായാണ് പരാതി. സംഭവസ്ഥലത്ത് വച്ചുതന്നെ തേജസ്വിനി മരിച്ചുവെന്നാണ് റിപ്പോർട്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവതിക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. അവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചതായും എന്നാൽ, അവരുടെ അവസ്ഥ ഗുരുതരമല്ലെന്നും മെട്രോ പൊളിറ്റൺ പോലീസ് പറഞ്ഞു.
കൊലപാതകത്തിൽ നാല് പേരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. അറസ്റ്റിലായവരുടെ കൂട്ടത്തിൽ 24കാരനായ ഒരു യുവാവും 23കാരിയായ യുവതിയും ഉണ്ടെന്ന് പോലീസ് പ്രസ്താവനയിൽ പറയുന്നത്. കൊലപാതകമാണെന്ന് സംശയിക്കുന്നതിനെ തുടർന്ന് സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തതിന് ശേഷം യുവതിയെ വിട്ടയച്ചതായും പോലീസ് കുറിപ്പിൽ പറയുന്നു.
പ്രതി ബ്രസീലിയൻ പൗരനാണെന്നും തേജസ്വിനിയും സുഹൃത്തുക്കളും താമസിച്ചിരുന്ന അപ്പാർട്ടുമെന്റിന് സമീപത്തേക്ക് ഒരാഴ്ച മുമ്പ് മാറിയിരുന്നതെന്നും ഹൈദരാബാദിലെ തേജസ്വിനിയുടെ ബന്ധുവായ വിജയ് പറഞ്ഞു. കഴിഞ്ഞ വർഷം മാർച്ചിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി തേജസ്വിനി ലണ്ടനിലേക്ക് പോകുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം അതിവേഗം തന്നെ പുരോഗമിക്കുകയാണെന്നും കസ്റ്റഡിയിൽ പിടിച്ചയാളേക്കുറിച്ച് വിവരങ്ങൾ പൊതജനങ്ങൾ നൽകണമെന്നും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
അടുത്തിടെയായി ലണ്ടൻ നഗരത്തിൽ സമാനമായ ആക്രമണങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ നോട്ടിങ്ഹാം സിറ്റി സെന്ററിലെ ഇൽകെസ്റ്റൺ റോഡിൽ മൂന്ന് പേർ കൊല്ലപ്പെട്ടത്.
ഈ ആക്രമണങ്ങളിൽ 19 വയസ് പ്രായമുള്ള രണ്ട് വിദ്യാർത്ഥികളും ഒരു മധ്യവയസ്കനുമാണ് കൊല്ലപ്പെട്ടത്. ഈ നടന്ന ആക്രമണങ്ങൾ ഭീകരാക്രമണം ആണോ എന്നും സംശയിക്കുന്നു.