മലയാളികളുടെ പ്രിയപ്പെട്ട താരം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് യോദ്ധ. തലമുറ വ്യത്യാസമില്ലാതെ ഇന്നും ആരാധകര്‍ നെഞ്ചിലേറ്റുന്ന ചിത്രം കൂടിയാണിത്. 1992 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഇന്നും കാഴ്ചക്കാരോറെയാണ്. ടിവിയിലും മറ്റും വന്നാല്‍ ചാനല്‍ മാറ്റാതെ കാണുന്നവരാണ് മിക്കവരും. ഇന്നും അപ്പുക്കുട്ടനും അശോകനും ആരാധകരുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് യോദ്ധയുടെ രണ്ടാംഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചയാണ്. മോഹന്‍ലാല്‍ പങ്കുവെച്ച പുതിയ ചിത്രമാണ് ചര്‍ച്ചയ്ക്ക് അടിസ്ഥാനം. ‘പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും’ എന്ന കുറിപ്പോടെ നടന്‍ ഒരു ചിത്രം സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. മോഹന്‍ലാലിന്റെ സുഹൃത്ത് സമീര്‍ ഹംസ പകര്‍ത്തിയ ചിത്രമാണിത്.
ഈ ചിത്രം യോദ്ധ 2 ന്റെ സൂചനയാണോ നല്‍കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അശോകേട്ടനല്ല, അക്കോസേട്ടന്‍ ആണെന്ന് മോഹന്‍ലാലിനെ തിരുത്തുന്നതിനൊപ്പം പുതിയ ഉണ്ണിക്കുട്ടന്‍ ആരെണെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ലൂസിഫറിന്റെ രണ്ടാംഭാഗമാണ് മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്.
നേപ്പാളിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ യോദ്ധയില്‍ മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, സിദ്ധാര്‍ഥ് ലാമ, മധുബാല, ഉര്‍വശി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. എആര്‍ റഹ്‌മാൻ ആദ്യമായി സംഗീതം ഒരുക്കിയ ചിത്രം കൂടിയായിരുന്നു യോദ്ധ. ഇതിലെ ഗാനങ്ങള്‍ ഇന്നും ഹിറ്റാണ്.