വിഷം തുപ്പിക്കളയാൻ ശ്രമിച്ചിട്ടും ഛർദിച്ച് അവശയായി; ദുരഭിമാനക്കൊലയിൽ കണ്ണീരോര്‍മയായി ഫാത്തിമ

വിഷം തുപ്പിക്കളയാൻ ശ്രമിച്ചിട്ടും ഛർദിച്ച് അവശയായി; ദുരഭിമാനക്കൊലയിൽ കണ്ണീരോര്‍മയായി ഫാത്തിമ

പിതാവ് വിഷം കുടിപ്പിച്ച് കൊലപ്പെടുത്തിയ ഫാത്തിമയുടെ മരണത്തിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല. ആലങ്ങാട് മറിയപ്പടിക്കാര്‍ക്ക്. ദുരഭിമാനത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞപ്പോള്‍ ഫാത്തിമയെന്ന പത്താംക്ലാസുകാരി നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഇനി കണ്ണീരോര്‍മയാവുകയാണ്. കഴിഞ്ഞ പത്തുദിവസമായി അത്യാസന്ന നിലയില്‍ കഴിഞ്ഞ ഫാത്തിമ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. വൈറ്റിലയിലുള്ള മാതൃഗൃഹത്തിലെ പൊതുദര്‍ശനത്തിന് ശേഷം കലൂര്‍ കറുകപ്പള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഉച്ചക്ക് 2.45-ഓടെ ഫാത്തിമയുടെ ഖബറടക്കം നടന്നു.
ഇതരമതസ്ഥനെ പ്രണയിച്ചതിന്റെ പേരിലാണ് പെണ്‍കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും വിഷം കുടിപ്പിക്കുകയും ചെയ്തത്. ‘മര്‍ദിച്ചതിന് ശേഷം ബലമായി വായിലേക്ക് കളനാശിനി ഒഴിക്കുകയായിരുന്നു’ എന്ന മരണക്കിടക്കയില്‍ ഫാത്തിമ മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴി പിതാവ് അബീസിന് കുരുക്ക് മുറുകുന്നതിനുള്ള വഴിയാകും.ഒക്ടോബര്‍ 29-നാണ് പിതാവ് അബീസ് ഫാത്തിമയെ കമ്പി പാര കൊണ്ട് മര്‍ദിക്കുകയും കളനാശിനി ബലമായി വായിലേക്ക് ഒഴിക്കുകയും ചെയ്തത്. കളനാശിനി തുപ്പിക്കളയാന്‍ ശ്രമിച്ചെങ്കിലും ഫാത്തിമ ഛര്‍ദിച്ച് അവശയാവുകയായിരുന്നു.
ഫാത്തിമയുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതിന് ശേഷമായിരുന്നു പിതാവിന്റെ ക്രൂരമര്‍ദനം. മാതാവിനേയും സഹോദരനേയും വീട്ടില്‍നിന്ന് പുറത്താക്കി കതകടച്ച ശേഷമായിരുന്നു ഫാത്തിമയെ വിഷം കുടിപ്പിച്ചത്. തുടര്‍ന്ന് അമ്മയും ബന്ധുക്കളും വീടിനുള്ളിലേക്ക് എത്തുമ്പോഴേക്കും പെണ്‍കുട്ടി അവശ നിലയിലായിരുന്നു. ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഉള്ളില്‍ച്ചെന്ന കളനാശിനി ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. കഴിഞ്ഞ പത്തുദിവസമായി അത്യാസന്ന നിലയിലായിരുന്ന ഫാത്തിമ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
സംഭവത്തിന് പിന്നാലെ നവംബര്‍ ഒന്നിന് പെണ്‍കുട്ടിയുടെ പിതാവായ അബീസിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്ന് തന്നെ പിടികൂടുകയും ചെയ്തിരുന്നു. സ്വകാര്യ കമ്പനിയിലെ എന്‍ജിനിയറാണ് പിതാവ് അബീസ്.

Leave a Reply