അഹമ്മദാബാദിൽ ഗര്‍ബ നൃത്തപരിപാടിയില്‍ മകളുടെ സമ്മാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പിതാവിനെ ഒരുസംഘം മര്‍ദിച്ച് കൊന്നു. ഗുജറാത്തിലെ പോര്‍ബന്തർ സ്വദേശിയായ സാര്‍മന്‍ ഒഡേദരയെയാണ് ആറംഗസംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രദേശത്തെ നവരാത്രി ആഘോഷപരിപാടിയുടെ സംഘാടകര്‍ അടക്കമുള്ളവര്‍ക്കെതിരേ പോലീസ് കേസെടുത്തു.
നവരാത്രി ആഘോഷങ്ങള്‍ക്ക് പിന്നാലെ പുലർച്ചെയായിരുന്നു ദാരുണമായ കൊലപാതകം. കൊല്ലപ്പെട്ട സാര്‍മന്റെ 11 വയസ്സുള്ള മകള്‍ക്ക് ഗര്‍ബ നൃത്തപരിപാടിയില്‍ രണ്ട് വിഭാഗങ്ങളിലായി രണ്ടുസമ്മാനങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍, പരിപാടിക്ക് ശേഷം ഒരുസമ്മാനം മാത്രമാണ് സംഘാടകര്‍ പെണ്‍കുട്ടിക്ക് നല്‍കിയത്.
പരിപാടി നടക്കുന്ന സ്ഥലത്തെത്തിയ കുട്ടിയുടെ അമ്മ മാലിബെന്‍ ഇതേക്കുറിച്ച് സംഘാടകരോട് തിരക്കി. രണ്ടുസമ്മാനങ്ങള്‍ പ്രഖ്യാപിച്ചിട്ടും ഒരുസമ്മാനം മാത്രം നല്‍കിയത് എന്തുകൊണ്ടാണെന്നാണ് മാലിബെന്‍ സംഘാടകനായ രാജു കേശ്വാലയോട് ചോദിച്ചത്. പരിപാടി കഴിഞ്ഞെന്നും ഇനി ഒന്നും ചെയ്യാനാകില്ലെന്നുമായിരുന്നു ഇയാളുടെ മറുപടി. മാത്രമല്ല, പരുക്കനായാണ് ഇയാള്‍ മാലിബെന്നിനോട് പെരുമാറിയത്. ഇതോടെ സ്ഥലത്ത് വാക്കേറ്റമുണ്ടായി. സംഘാടകരായ രാജു കേശ്വാല, രാജു കുച്ഛാഡിയ എന്നിവരുടെ ഭാര്യമാരും പ്രശ്‌നത്തില്‍ ഇടപെട്ടു. സ്ഥലത്തുനിന്ന് മടങ്ങിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഇവര്‍ മാലിബെന്നിനെ ഭീഷണിപ്പെടുത്തി. ഇതോടെ മാലിബെന്‍ മകളെയും കൂട്ടി വീട്ടിലേക്ക് പോയി. ഇതിനുപിന്നാലെയാണ് ബൈക്കിലെത്തിയ അക്രമിസംഘം മാലിബെന്നിന്റെ ഭര്‍ത്താവ് സാര്‍മനെ വീട്ടിലെത്തി തട്ടിക്കൊണ്ടുപോയത്.
പുലര്‍ച്ചെ രണ്ടുമണിയോടെ സാര്‍മനും ഭാര്യയും മകളും വീടിന് പുറത്തിരിക്കുന്നതിനിടെയാണ് നാലുബൈക്കുകളിലായി ചിലര്‍ വീട്ടിലെത്തിയത്. ഇരച്ചെത്തിയ അക്രമിസംഘം വടികൊണ്ട് സാര്‍മനെ പൊതിരെത്തല്ലി. പിന്നാലെ ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോയി. ഗര്‍ബ പരിപാടികള്‍ നടന്ന വേദിയിലേക്കാണ് സാര്‍മനെ ഇവര്‍ കൊണ്ടുപോയത്. തുടര്‍ന്ന് ഇവിടെവെച്ചും ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ഭര്‍ത്താവിനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയതോടെ മാലിബെന്‍ വിവരം പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസും ബന്ധുക്കളും സംഭവസ്ഥലത്തെത്തിയപ്പോള്‍ അവശനിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഉടന്‍തന്നെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു