‘മാര്‍ക്ക് ആന്റണി’ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന്‌ വിശാൽ

‘മാര്‍ക്ക് ആന്റണി’ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന്‌ വിശാൽ

വിശാൽ നായകനായ ടൈം ട്രാവൽ ചിത്രം മാർക്ക് ആന്റണിയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന് നടൻ വിശാൽ. സോഷ്യൽ മീഡിയയിൽ വീഡിയോയിലൂടെയായിരുന്നു താരം ഇക്കാര്യം അറിയിച്ചത്. മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാൻ മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ ചെന്നപ്പോഴുണ്ടായ ദുരനുഭവമാണ് നടൻ പങ്കുവെച്ചത്. ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നു എന്നാണ് നടൻ പറയുന്നത്.
മൂന്ന് ലക്ഷം രൂപ രാജന്‍ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചതെന്നും ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശാല്‍ പുറത്തുവിട്ടിട്ടുണ്ട്. തന്റെ സിനിമാ ജീവിതത്തില്‍ ഇങ്ങനൊന്ന് ആദ്യമാണെന്നും വിശാല്‍ വെളിപ്പെടുത്തി. വിഷയത്തില്‍ പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഇടപെടണമെന്നും ഇത് മറ്റെല്ലാ നിര്‍മ്മാതാക്കള്‍ക്ക് കൂടിയാണെന്നും വിശാല്‍ വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

വിശാലിന്റെ വാക്കുകൾ
‘അഴിമതി വെള്ളിത്തിരയിൽ കാണിക്കുന്നത് മനസിലാക്കാം. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അങ്ങനെയല്ല. അംഗീകരിക്കാനാകില്ല. പ്രത്യേകിച്ച് സർക്കാർ ഓഫീസുകളിൽ. അത് നടന്നത് മുംബൈയിലെ സിബിഎഫ്സി ഓഫീസിലാണ്. എന്റെ കരിയറിൽ ഒരിക്കലും ഈ അവസ്ഥ നേരിട്ടിട്ടില്ല. പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ഇത് ബഹുമാനപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഇത് ചെയ്യുന്നത് എനിക്ക് വേണ്ടിയല്ല, ഭാവിയിലെ നിർമ്മാതാക്കൾക്ക് വേണ്ടിയാണ്. ഞാൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അഴിമതിക്കായി പോയി. എല്ലാവർക്കും കേൾക്കാൻ കഴിയുന്ന തെളിവുകൾ. എന്നത്തേയും പോലെ സത്യം ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ വിശാൽ കുറിച്ചു.
ആദിക് രവിചന്ദ്രനാണ് മാർക്ക് ആന്റണിയുടെ സംവിധായകൻ. കോളിവുഡ് ബോക്‌സ് ഓഫീസില്‍ വമ്പൻ വിജയം നേടി മുന്നേറുന്ന ചിത്രത്തിൽ വിശാലിനൊപ്പം എസ് ജെ സൂര്യയുടെ പ്രകടനം പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായിട്ടുണ്ട്. മാർക്ക് ആന്റണിക്ക് കേരളത്തിൽ സ്വീകാര്യത നേടുന്നുണ്ട്. അഭിനന്ദൻ രാമാനുജനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്

Leave a Reply