റിയാദ്: പുണ്യഭൂമിയിലെത്താനും ഉംറ നിർവഹിക്കാനും കൊതിച്ച തെലങ്കാന ഹൈദരാബാദ് സ്വദേശിനി ഫർഹാന ബീഗം വന്നുപെട്ടത് നരകയാതനയിൽ. നിരാലംബരായ സ്ത്രീകളെ ഉംറ ചെയ്യാനും പുണ്യഭൂമി സന്ദർശിക്കാനും അവസരം നൽകാം എന്നു പറഞ്ഞു വിശ്വസിപ്പിച്ച് നാട്ടിൽ നിന്നും സൗദിയിലെത്തിച്ച് സ്വദേശി വീടുകളിൽ വേലക്കാരികളാക്കുന്ന പുതിയയിനം മനുഷ്യക്കടത്തിൽ കുടുങ്ങിയതാണ് ഈ മുപ്പത്തിമൂന്നുകാരി.
സൗദിയിൽ ജോലി ചെയ്യുന്ന അയൽവാസിയായ അക്രം വഷിെയന്ന ഏജൻറാണ് അവരുടെ ആത്മീയ മോഹത്തിന്മേൽ ചൂണ്ടയെറിഞ്ഞത്. വെറും 15,000 രൂപ തന്നാൽ വിസയെടുത്ത് മക്കയിലെത്തിച്ച് ഉംറ ചെയ്യിപ്പിക്കാമെന്ന് കേട്ടപ്പോൾ അവർ വീണു. പണം കൊടുത്ത് വിസക്കായി കാത്തിരിപ്പായി. ഒടുവിൽ വിസയെത്തി. മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയാണ് കിട്ടിയത്. ടൂറിസ്റ്റ് വിസയിൽ വന്നാലും ഉംറ നിർവഹിക്കാമെന്നും മദീന ഉൾപ്പെടെയുള്ള പുണ്യസ്ഥലങ്ങളും സൗദിയിലെ മറ്റ് സ്ഥലങ്ങളും സന്ദർശിക്കാമെന്നും അയാൾ പറഞ്ഞതോടെ അവരുടെ ഉള്ളം തുടിച്ചു. സൗദിയിലേക്ക് പറന്നാൽ മതിയെന്നായി.
ഇക്കഴിഞ്ഞ മാർച്ച് 28 ന് റിയാദിലെത്തി. 300 കിലോമീറ്ററകലെ ദവാദ്മിക്ക് സമീപം അറജ എന്ന ഗ്രാമത്തിലേക്കാണ് അയാൾ കൂട്ടിക്കൊണ്ടുപോയത്. ഇപ്പോൾ ഉംറ ചെയ്യാൻ കഴിയില്ല, ഹജ്ജിന് മുമ്പായതിനാൽ നല്ല തിരക്കാണ്, അത് കഴിഞ്ഞുപോകാം അതുവരെ ഇവിടെ താമസിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അറജയിലെ ഒരു സ്വദേശി പൗരെൻറ വീട്ടിൽ കൊണ്ടാക്കി. എന്നാൽ അവിടെ ഫർഹാനയെ കാത്തിരുന്നത് ഇരുട്ടുവെളുക്കെ ചെയ്താലും തീരാത്ത വീട്ടുജോലിയാണ്.
നാലുമാസം കഴിഞ്ഞിട്ടും ഏജൻറ് അക്രം വഷി വരുകയോ ഉംറക്ക് കൊണ്ടുപോവുകയോ ചെയ്തില്ല. മാത്രമല്ല ടൂറിസ്റ്റ് വിസയുടെ കാലാവധി കഴിയുകയും ചെയ്തു. പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ ആ വീട്ടിൽ തന്നെ പൂട്ടിയിടുകയും ചെയ്തു. ഏജൻറിനെ വിളിച്ചപ്പോൾ മര്യാദക്ക് അവിടെ അടങ്ങി നിൽക്കാനും അല്ലെങ്കിൽ ഒരിക്കലും നാടുകാണില്ലെന്നുമുള്ള ഭീഷണിയാണ് അയാളിൽ നിന്നുണ്ടായത്. ദവാദ്മിയിലെ മലയാളി കൂട്ടായ്മയായ ഹെൽപ് ഡെസ്ക് ഇതറിഞ്ഞ് വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചു. ആ ദുരിതത്തിൽ നിന്ന് ഫർഹാനയെ രക്ഷിക്കാൻ രംഗത്തിറങ്ങി.എംബസി ലേബർ അറ്റാഷെക്ക് രേഖാമൂലം പരാതി അയച്ചതിെൻറ അടിസ്ഥാനത്തിൽ നിയമപരമായ നടപടി ആരംഭിച്ചു.
മൾട്ടിപ്പിൽ എൻട്രി വിസയായതിനാൽ മൂന്ന് മാസത്തെ കാലാവധി കഴിയുന്നതിന് തൊട്ടുമുമ്പ് വിസ പുതുക്കാൻ രാജ്യത്തിന് പുറത്ത് പോകണം. അതുണ്ടാവാത്തതിനാൽ കാലാവധി കഴിഞ്ഞു നിയമലംഘകയായിരിക്കുകയാണ്. വലിയ തുക പിഴ കെട്ടേണ്ടി വരും. മറ്റ് നിയമനടപടികളും നേരിടേണ്ടി വരും. മാത്രമല്ല ഉംറ തീർഥാടനമെന്ന അവരുടെ ജീവിതാഭിലാഷം നരകയാതനയുടെ ചൂടിലെരിഞ്ഞുപോവുകയും ചെയ്തു.7000 റിയാൽ വാങ്ങിയാണത്രെ ഏജൻറ് ഫർഹാനയെ സൗദി കുടുംബത്തിന് കൈമാറിയത്.