സിനിമാ താരങ്ങൾ ഉപയോഗിക്കുന്ന കാരവനെ എതിർത്ത് നടൻ ഇന്ദ്രൻസ്. കാരവനില്‍ മുഴുവന്‍ സമയവും ഇരിക്കുന്നത് തനിക്ക് ഇഷ്ട്ടമല്ലെന്നും പലപ്പോഴും പട്ടിക്കൂട് പോലെ തോന്നാറുണ്ടെന്നും അതിലിരുന്ന് ശീലിച്ചാൽ ചിലപ്പോൾ നമുക്ക് പല മാറ്റങ്ങളും ഉണ്ടാവാം എന്നും ഇന്ദ്രന്‍സ് പറഞ്ഞു. പണ്ടൊക്കെ ഷൂട്ടിങ്ങിനു പോകുമ്പോള്‍ ഷൂട്ടിങ് സെറ്റിനോടടുത്തുളള വീട്ടില്‍ പോയി മാനേജര്‍മാര്‍ സംസാരിക്കും. ആര്‍ടിസ്റ്റുകള്‍ ഇരിക്കാനും, മേക്കപ്പ് ചെയ്യാനും, ഭക്ഷണം കഴിക്കാനും എല്ലാം അവരോട് ചോദിക്കും. അതിൽ സന്തോഷത്തോടെ സഹകരിക്കുന്നവരും അല്ലാത്തവരും ഉണ്ട്. അങ്ങനെ കിട്ടുന്ന ഒരു സുഖം കാരവനില്‍ കിട്ടില്ല.
സെറ്റിലെത്തിയാൽ ഒരു കൂട്ടിലടച്ച് ഇടയ്ക്കിടയ്ക്ക് വന്ന് ഭക്ഷണവും കൊണ്ടു തരുന്നു എന്ന് പറയുമ്പോള്‍ പട്ടിക്കൂട്ടില്‍ നമ്മളെ അടച്ചിടുന്നതു പോലെയാണ് എനിക്ക് തോന്നാറുളളത്. അതിനകത്ത് ഇരുന്നാൽ നമുക്ക് ഒന്നും കാണാന്‍ സാധിക്കില്ലല്ലോ. കാരവാന്റെ സുഖം എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല. റോഡിലൊക്കെയാണ് ഷൂട്ട് നടക്കുന്നതെങ്കില്‍ വസ്ത്രം മാറാനോ, കഥ ചര്‍ച്ച ചെയ്യാനോ ഇരിക്കുകയല്ലാതെ മുഴുവന്‍ സമയവും അതിനകത്ത് ഇരിക്കാൻ ബുദ്ധിമുട്ടാണ്. എന്താ അയാള്‍ക്ക് ഇരുന്നാല്‍, കാരവാനില്‍ അല്ലേ എന്ന മനോഭാവം ഉള്ളിടത്താണെങ്കിൽ നമ്മള്‍ പെട്ടുപോകും ഇന്ദ്രന്‍സ് പറഞ്ഞു. മാത്രമല്ല കാരവാനില്‍ ഇരുന്ന് ശീലിച്ചാൽ ചിലപ്പോൾ നമുക്ക് പല മാറ്റങ്ങളും ഉണ്ടാവാം. പത്തു പേര്‍ ചുറ്റും കൂടിയാല്‍ ശ്വാസം മുട്ടുന്ന അവസ്ഥയിലേക്ക് നമ്മള്‍ മാറിപ്പോകും താരം പറഞ്ഞു.
ആഷിഷ് ചിന്നപ്പ സംവിധാനം നിർവഹിച്ച ജലധാര പമ്പ് സെറ്റ് സിൻസ് 1962 ആണ് ഇന്ദ്രൻസിന്റെ പുതിയ ചിത്രം. ഉര്‍വശി, സനുഷ, സാഗര്‍ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു