കാസർകോടിന് അഭിമാനമായി മേൽപറമ്പ് മാക്കോട് സ്വദേശിനി നഫീസത്ത് റിസ. ഹാൻഡ് ബോൾ ജൂനിയർ വിഭാഗം കേരളാ ടീമിൽ ഇടം പിടിച്ചാണ് ഈ കൊച്ചുമിടുക്കി ജില്ലയുടെ അഭിമാനമായത്. മത്സരങ്ങൾക്കായി ഡിസംബർ 21 ന് റിസയും സംഘവും തമിഴ്‌നാട്ടിലേക്ക് തിരിക്കും. നേരത്തെ രണ്ട് തവണ കാസർകോട് ജില്ലാ ബാസ്കറ്റ്ബോൾ സ്കൂൾ ടീമിൽ സംസ്ഥാന തലത്തിലും ഒരു പ്രാവിശ്യം ജില്ല സ്കൂൾ ഫുട്ബോൾ ടീമിനായും റിസ കളിച്ചിട്ടുണ്ട്.ചെമനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് റിസ. ചന്ദ്രഗിരി ക്ലബ് യുഎഇ ട്രഷറർ റാഫി മാക്കോടിന്റെ തളങ്കര ഖാസി ലൈൻ സപ്രീന ഹൂദ് എന്നിവരുടെ മകളാണ്.
കാസർകോടിന്റെ കായിക- സാമൂഹിക രംഗത്ത് ഒട്ടനവധി സംഭാവനകൾ നൽകിയ ചന്ദ്രഗിരി ക്ലബ്ബിന്റെ സാരഥി കൂടിയാണ് പിതാവ് റാഫി മാക്കോട്. തന്റെ മകൾക്ക് ലഭിച്ച ഈ അവസരത്തിൽ ഏറെ അഭിമാനമുണ്ടെന്നും മകളുടെ കായിക മേഖലയിലെ ഉയർച്ചയ്ക്കായി ഇനിയും ശക്തമായ പിന്തുണ തുടരുമെന്നും പിതാവ് റിയൽ ഇന്ത്യ വിഷനോട് പറഞ്ഞു. മാതാപിതാക്കൾ നൽകിയ കടുത്ത പിന്തുണയും പരിശീലകരുടെ തീവ്ര ശ്രമവുമാണ് ഈ അവസരങ്ങൾക്ക് പിന്നിലെന്നും ദേശീയ തലത്തിൽ കേരളത്തിനും കാസർകോടിനും അഭിമാനം നൽകുന്ന പ്രകടനം കാഴ്ച്ച വെയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും റിസ റിയൽ ഇന്ത്യ വിഷനോട് പറഞ്ഞു.