കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ 15 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റ കേസിൽ പ്രതികളായ ദമ്പതികൾക്കെതിരെ എസ് സി / എസ്ടി വകുപ്പ് കൂടി ചുമത്തി. പ്രതികളായ വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവർക്കെതിരെയാണ് പുതിയ,നടപടി. വില്ലേജ് ഓഫീസിൽ നിന്ന് പെൺകുട്ടിയുടെ ജാതി സർട്ടിഫിക്കറ്റ് കിട്ടിയ പശ്ചാത്തലത്തിലാണ് SC ST വകുപ്പ് കൂടി ചുമത്തിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് ദൃശ്യങ്ങൾ പണം കൊടുത്ത് വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം കൂടി നടത്തുന്നുണ്ട്പുനലൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതിയായ വിഷ്ണു അടുപ്പം സ്ഥാപിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. വിഷ്ണു പെൺകുട്ടിയെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും സ്വീറ്റി മൊബൈൽ ഫോണിൽ രംഗങ്ങൾ ഷൂട്ട് ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട് ഇവർ രണ്ടു പേരും കൂടി ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ദൃശ്യങ്ങൾ വിൽക്കുകയായിരുന്നു. പതിനായിരം രൂപയാണ് ദൃശ്യങ്ങൾ വിറ്റതിലൂടെ ലഭിച്ചതെന്നാണ് വിഷ്ണു പൊലീസിന് നൽകിയ മൊഴി. സൈബർ പൊലീസിന്‍റെ സഹായത്തോടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ദൃശ്യങ്ങളും ചിത്രങ്ങളും പണം കൊടുത്ത് വാങ്ങിയവരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിക്കും.