തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ; വമ്പൻ നേട്ടവുമായി ‘ലിയോ’

തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ; വമ്പൻ നേട്ടവുമായി ‘ലിയോ’

തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ സ്വന്തമാക്കുന്ന ചിത്രം എന്ന നേട്ടം ഇനി വിജയ്-ലോകേഷ് കന​ഗരാജ് ചിത്രം ലിയോക്ക്. നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ഔദ്യോ​ഗിക സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ അറിയിച്ചതാണ് ഇക്കാര്യം. പുതിയ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് തിയേറ്ററുകളിൽ കുതിക്കുകയാണ് ലിയോ.
റിലീസ് ചെയ്ത് ആ​ഗോളതലത്തിൽ ഏഴുദിവസം കൊണ്ട് 461 കോടി രൂപയാണ് ചിത്രം നേടിയത്. അഞ്ഞൂറ് കോടി തിയേറ്റർ കളക്ഷൻ എന്ന നേട്ടമാണ് ഇനി ലിയോക്ക് മുന്നിലുള്ളത്. ഏഴാം ദിവസം 266 കോടി രൂപയാണ് ലിയോ ഇന്ത്യയിൽ നിന്നുമാത്രം നേടിയത്. ബാഡാസ് മാ എന്ന ​ഗാനത്തിലെ വരികൾ കുറിച്ചുകൊണ്ടാണ് സ്വപ്ന നേട്ടത്തേക്കുറിച്ച് നിർമാതാക്കൾ ട്വീറ്റ് ചെയ്തത്. പുതിയ പോസ്റ്ററും ഇതിനൊപ്പം അവർ പുറത്തിറക്കി.
വിജയ് യുടെയേും ലോകേഷ് കന​ഗരാജിന്റെയും കരിയറിൽ ഏറ്റവും കൂടുതൽ തിയേറ്റർ കളക്ഷൻ ലഭിക്കുന്ന ചിത്രംകൂടിയാണ് ലിയോ. പ്രീ റിലീസ് ബുക്കിങ്ങിലൂടെ തന്നെ ചിത്രം നൂറുകോടിയിലേറെ കളക്ഷൻ സ്വന്തമാക്കിയിരുന്നു. ആ​ഗോളതലത്തിൽ അഞ്ചുദിവസംകൊണ്ടുതന്നെ ചിത്രം 400 കോടി ക്ലബിൽ എത്തിയിരുന്നു. മാർട്ടിൻ സ്കോർസിയുടെ ഡി കാപ്രിയോ ചിത്രം കില്ലേഴ്സ് ഓഫ് ദ ഫ്ളവർ മൂണിനെയാണ് ലിയോ ഇതുവഴി മറികടന്നത്.
മാസ്റ്റർ എന്ന ചിത്രത്തിനുശേഷം ലോകേഷും വിജയിയും ഒന്നിച്ച ആക്ഷൻ ചിത്രമാണ് ലിയോ. ലോകേഷ് കന​ഗരാജ് സിനിമാറ്റിക് യൂണിവേഴ്സിലേക്കുള്ള വിജയ് യുടെ പ്രവേശനം കൂടിയാണ് ലിയോ. മലയാളി താരം മാത്യു തോമസ്, സംവിധായകൻ ഗൗതം വാസുദേവ് മേനോൻ, തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, മൻസൂർ അലി ഖാൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന വമ്പൻ താരനിരയുമായാണ് ലിയോ എത്തിയത്.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം.

Leave a Reply