കാസര്‍കോട് ചിറ്റാരിക്കലില്‍ എട്ടുവയസ്സുകാരിയെ മദ്യംനല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനെയും ഇയാളുടെ സഹോദരനെയും പോലീസ് പിടികൂടി. ചിറ്റാരിക്കല്‍ പോലീസ് ഇന്‍സ്പെക്ടര്‍ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് രണ്ടുപ്രതികളെയും പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്.
വീട്ടില്‍ അമ്മയില്ലാത്ത സമയത്താണ് രണ്ടാനച്ഛനും ഇയാളുടെ സഹോദരനും എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിക്ക് മദ്യം നല്‍കിയശേഷമാണ് ഇവര്‍ ക്രൂരത കാട്ടിയത്. അമ്മയില്ലാത്ത സമയത്ത് കുട്ടിയെ സമീപത്തെ വീട്ടിലേക്ക് കൊണ്ടുപോയാണ് പ്രതികള്‍ ഉപദ്രവിച്ചിരുന്നത്.
മാനസികമായും ശാരീരികമായും അവശയായനിലയില്‍ കുട്ടിയെ കണ്ട് സംശയം തോന്നിയ ചിലരാണ് വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ കുട്ടിയില്‍നിന്ന് മൊഴിയെടുത്തതോടെ ക്രൂരമായപീഡനം പുറത്തറിയുകയും പരാതി പോലീസിന് കൈമാറുകയുമായിരുന്നു.
കേസിലെ മുഖ്യപ്രതിയായ രണ്ടാനച്ഛന്‍ കൊലക്കേസിലും പ്രതിയാണ്. അച്ഛനെ വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ നേരത്തെ പിടികൂടിയിരുന്നത്.