ധരിച്ച വസ്ത്രത്തിന് ഇറക്കം കുറവാണ് എന്ന് ആരോപിച്ച് അമ്മായിഅച്ഛൻ മരുമകളുടെ ശരീരത്തിൽ ചൂട് സൂപ്പ് ഒഴിച്ചു. ചൈനയിലാണ് സംഭവം. ഭക്ഷണം വിളമ്പാൻ എത്തിയപ്പോൾ മരുമകൾ ധരിച്ചിരുന്ന വസ്ത്രം ഇഷ്ടപ്പെടാതെ വന്നതാണ് അമ്മായിഅച്ഛനെ ചൊടിപ്പിച്ചത്. രോഷാകുലനായ ഇയാൾ ഊണുമേശയിൽ ഇരുന്ന ചൂട് സൂപ്പ് യുവതിയുടെ മേൽ ഒഴിക്കുകയായിരുന്നു.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഷു എന്ന കുടുംബപ്പേരുള്ള ചൈനീസ് യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.യുവതി ധരിച്ചിരുന്ന പാന്റിന് ഇറക്കം കുറവാണ് എന്നായിരുന്നു അമ്മായി അച്ഛൻറെ പരാതി. ഇത്തരത്തിലുള്ള വസ്ത്രധാരണം തന്റെ കുടുംബത്തിന് ചേരാത്തതാണെന്നും നാട്ടുകാരുടെ മുൻപിൽ താൻ അപമാനിതനാകുമെന്നും പറഞ്ഞായിരുന്നു ഇയാൾ യുവതിയെ ശകാരിച്ചത്.
എന്നാൽ, താൻ ധരിക്കുന്ന വസ്ത്രങ്ങൾ സ്വന്തം പണം കൊടുത്ത് വാങ്ങിയതാണെന്നും അത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും അതിൽ ആരും കൈകടത്തുന്നത് തനിക്ക് ഇഷ്ടമല്ല എന്നും യുവതി അമ്മായിഅച്ഛനോട് മറുപടി പറഞ്ഞതോടെ അമ്മായി അച്ഛൻ ചൂട് സൂപ്പ് യുവതിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു.