പോലീസിന്റെ ഷൂട്ടിങ് പരിശീലനത്തിനിടെ ഉന്നം തെറ്റിയെത്തിയ വെടിയുണ്ട വീടിനുള്ളിൽ തുളച്ച് കയറി. വീട്ടിനകത്തുണ്ടായിരുന്ന വിദ്യാർത്ഥിനി രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. വെടിയുണ്ട തുളച്ച് കയറി വീടിന്റെ ജനൽ ചില്ല് പൊട്ടി. കോട്ടയം നാട്ടകത്താണ് സംഭവം.
നാട്ടകം പോളിടെക്നിക്ക് കോളേജിന് സമീപത്തുള്ള ഗ്രൗണ്ടിലാണ് പോലീസ് ഷൂട്ടിംഗ് പരിശീലനം നടത്തിയത് . പരിശീലനത്തിനിടെ ഉന്നംതെറ്റിയെത്തിയ വെടിയുണ്ട ജനൽ ചില്ല് തുളച്ച് വീടിനകത്ത് കയറുകയായിരുന്നു. എറണാകുളം സ്വദേശി സോണി വാടകയ്ക്ക് താമസിക്കുന്ന വീടാണിത്. സംഭവം നടക്കുന്ന സമയത്ത് സോണിയുടെ ഭാര്യയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്.
മുറിയിൽ പഠിച്ച്കൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയുടെ സമീപത്ത് കൂടി എത്തിയ വെടിയുണ്ട ചുമരിൽ പതിക്കുകയായിരുന്നു. പെൺകുട്ടി ബഹളംവെച്ചതിനെ തുടർന്ന് ഓടിയെത്തിയ മാതാവ് നോക്കിയപ്പോഴാണ് ജനൽ ചില്ല് പൊട്ടിയതായും വെടിയുണ്ടയും കണ്ടെത്തിയത്.
വെടിയുണ്ടയുമായി റൈഫിൾ കാംപിലെത്തി വിവരം അറിയിച്ചെങ്കിലും അവർ കാര്യമാക്കിയില്ല തുടർന്ന് ഇവർ ചിങ്ങവനം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. തലനാരിഴയ്ക്കാണ് മകൾ രക്ഷപ്പെട്ടതെന്ന് വീട്ടമ്മ പ്രതികരിച്ചു.