പരാതി അന്വേഷിക്കാൻ വന്ന പൊലീസുകാരൻ ശല്യമായി മാറി, നടപടിയെടുക്കാതെ പൊലീസ്‌

പരാതി അന്വേഷിക്കാൻ വന്ന പൊലീസുകാരൻ ശല്യമായി മാറി, നടപടിയെടുക്കാതെ പൊലീസ്‌

കേസുമായി ബന്ധപ്പെട്ട് പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയ വീട്ടമ്മയ്‌ക്ക്‌ അവസാനം പൊലീസ് ഉദ്യോഗസ്ഥൻ ശല്യമായി മാറി. ഗെതിക്കെട്ട്‌ വീട്ടമ്മ ഇതുസംബന്ധിച്ച് ഉന്നത പൊലീസ് മേധാവികൾക്ക്‌ പരാതി നൽകി. എന്നാൽ വീട്ടമ്മ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ആരോപണം. പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭാഗത്തുനിന്നും ശല്യം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണെന്നും നൽകിയ പരാതി പിൻവലിക്കുവാനുള്ള സമ്മർദ്ദം നടക്കുകയാണെന്നും വീട്ടമ്മ ആരോപിക്കുന്നു. കൊച്ചി കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ എതിരെയാണ് ഗുരുതരമായ പരാതി.

കേസന്വേഷണത്തി​ൻ്റെ ഭാഗമായി​ പരി​ചയപ്പെട്ട വീട്ടമ്മയെയാണ് ഫ്ളാറ്റി​ൽ അതി​ക്രമി​ച്ച് കയറി ​പൊലീസ് ഉദ്യോഗസ്ഥൻ അപമാനി​ക്കാൻ ശ്രമി​ച്ചതായി പരാതി ഉയർന്നത്. ഇതു സംബന്ധിച്ച് സിറ്റി പൊലീസ് കമ്മി​ഷണർക്കും ഡി.ജി.പി ക്കുംവീട്ടമ്മ പരാതി​ നൽകി​യിരുന്നു. എന്നാൽ മാസങ്ങളായി​ട്ടും ഈ വിഷയത്തിൽ ഏതുവിധ നടപടി​യി​ല്ലെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. കളമശേരി​ നഗരസഭാ പരി​ധി​യി​ൽ രണ്ടുകുട്ടി​കളോടൊത്ത്​ താമസി​ക്കുന്ന വീട്ടമ്മയെയാണ് പൊലീസ് ഉദ്യോഗസ്ഥൻ നിരന്തരം ശല്യം ചെയ്യുന്നത്. വിടമയുടെ ഭർത്താവ് വിദേശത്താണ്. അസി കമ്മി​ഷണർക്ക് 2023 ഫെബ്രുവരി 26നും ഡി.ജി.പിക്ക് ജൂലായ് 10നുമാണ് പരാതി നൽകിയതെന്നും വീട്ടമ്മ പറയുന്നു.

വിടമയുടെ ഫ്ലാറ്റിൽ വീട്ടുജോലിക്ക് വന്ന സ്ത്രീ കുറച്ചു പണം കടം വാങ്ങിയിരുന്നു. ഈ പണം തിരിച്ചു നൽകാത്തതിനെ തുടർന്ന് കളമശേരി പൊലീസ് സ്‌റ്റേഷനിൽ വീട്ടമ്മ പരാതി നൽകി. അന്ന് പരാതി സ്വീകരിച്ച സീനിയർ സിവിൽ പൊലീസ് ഓഫീസർ പണം മടക്കി വാങ്ങി നൽകിയിരുന്നു. എന്നാൽ അതിനുശേഷം നിരതരമായ ശല്യപ്പെടുത്തലാണ് സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭാഗത്തുനിന്നും വീട്ടമ്മയ്ക്ക് നേരിടേണ്ടി വന്നതെന്നാണ് ആരോപണം. ഇയാൾ വീട്ടമ്മയെ നി​രന്തരം ഫോണി​ൽ വി​ളി​ക്കുവാനും വാട്സാപ് സന്ദേശങ്ങളയക്കാനും തുടങ്ങി​. കുട്ടികളെ സ്കൂളിൽ വിടാൻ പുറത്തി​റങ്ങി​യ സമയത്തും ഇയാൾ ഫ്ലാറ്റിനു മുന്നിലെത്തി ശല്യപ്പെടുത്തുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തതായി വീട്ടമ്മ ആരോപിക്കുന്നു.

പൊലീസ് ഉദ്യോഗസ്ഥൻ്റെ പ്രവർത്തിയിൽ മനം മടുത്തു ഇക്കാര്യം വിദേശത്തുള്ള ഭർത്താവിനെ വീട്ടമ്മ അറിയിച്ചു. തുടർന്ന് ഭർത്താവി​ൻ്റെ നി​ർദ്ദേശപ്രകാരമാണ് കളമശേരി സ്റ്റേഷനി​ൽ പരാതി നൽകി​യത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭാഗത്തുനിന്നും വീണ്ടും ശല്യപ്പെടുത്തലും ഭീഷണിയും ഉണ്ടാവുകയായിരുന്നു. ശല്യപ്പെടുത്തൽ തുടർന്നതോടെ അസി​സ്റ്റൻ്റ് കമ്മി​ഷണർക്കും ഡി​ജി​പി​ക്കും വീട്ടമ്മ പരാതി നൽകുകയായിരുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പൊലീസിൻ്റെ ഭാഗത്തുനിന്നും ചില നടപടികൾ ഉണ്ടായി. സ്റ്റേഷനിൽ നിന്നും ജി​ല്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയി​ൽ നിന്നും രണ്ടു തവണ വനിതാ പൊലീസ് എത്തി മൊഴി എടുത്തുവെന്നും വീട്ടമ്മ പറയുന്നു. എന്നാൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുള്ള ശല്യം ചെയ്യലിനു മാത്രം ഇതുവരെയും കുറവുണ്ടായിട്ടില്ല. ഇപ്പോഴും ശല്യപ്പെടുത്തലും പരാതി പിൻവലിക്കാൻ ഭീഷണിയും തുടരുകയാണെന്നും വീട്ടമ്മ വ്യക്തമാക്കി. അതേസമയം സംഭവത്തെക്കുറിച്ച് പൊലീസ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply