ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികളെകൊണ്ട് അധ്യാപിക മുഖത്തടിപ്പിച്ച സംഭവത്തില്‍ സ്‌കൂളിന് എതിരെ നടപടി ആരംഭിച്ചു.
വിവാദമായ നേഹ പബ്ലിക് സ്കൂളാണ് പൂട്ടാന്‍ ഉത്തരവ്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെതാണ് നടപടി. വിദ്യാര്‍ത്ഥികളെ മറ്റൊരു സ്‌കൂളില്‍ പ്രവേശിപ്പിക്കും എന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു.
അധ്യാപികയ്ക്ക് എതിരായ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതായി കുട്ടിയുടെ പിതാവ് ഇര്‍ഷാദ് ആരോപിച്ചിരുന്നു. ഗ്രാമതലവനും കിസാന്‍ യൂണിയനുമാണ് സമ്മര്‍ദ്ദം ചെലുത്തുന്നത് എന്നാണ് ആരോപണം. പിതാവിന്റെ പരാതിയില്‍ മന്‍സുഖ്പൂര്‍ പോലീസാണ് സ്കൂൾ ഉടമ കൂടിയായ അധ്യാപികയ്ക്കെതിരെ കേസെടുത്തത്.
ഖുബാപുരിലെ നേഹ പബ്ലിക് സ്‌കൂളില്‍ വ്യാഴാഴ്ചയാണു മുസ്‌ലിം വിദ്യാര്‍ഥിക്കു സ്വന്തം ക്ലാസ് മുറിയില്‍നിന്നു ദുരനുഭവം ഉണ്ടായത്. സഹപാഠിയെ മര്‍ദിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യാപിക കസേരയിലിരുന്നു നിര്‍ദേശം നല്‍കുകയും കുട്ടികള്‍ ഓരോരുത്തരായെത്തി കുട്ടിയെ മര്‍ദിക്കുകയുമായിരുന്നു. ”എന്താണിത്ര പതുക്കെ തല്ലുന്നത് ? ശക്തിയായി അടിക്കൂ” എന്നും അധ്യാപിക വിഡിയോയില്‍ പറയുന്നത് വ്യക്തമാണ്. ഒരു മണിക്കൂറോളം ക്രൂരത നേരിട്ടതായി കുട്ടി പോലീസിനോടും രക്ഷിതാവിനോടും പറഞ്ഞു.
വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ അധ്യാപികയ്‌ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തു. അധ്യാപിക മതവിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നതായി വിഡിയോയില്‍ ഉള്ളതിനാല്‍ ഇതിനെതിരായ ജാമ്യമില്ലാവകുപ്പും (153എ) ചുമത്തണമെന്നാവശ്യപ്പെട്ടു യുപി സ്വദേശിയായ അഭിഭാഷകന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു.
ഇത്രയും വിവാദമുണ്ടായിട്ടും തന്റെ ഭാഗത്ത് തെറ്റില്ലെന്നും കുട്ടികളെ നിയന്ത്രിക്കുന്നത് അധ്യാപക ധര്മമാണെന്നും പറഞ്ഞ ത്രിപ്ത ത്യാഗി ന്യായീകരണം തുടരുന്നുണ്ട്.