കോട്ടയം: പുതുപ്പള്ളിയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. മുന്നണി സ്ഥാനാർത്ഥികൾ എല്ലാം ഇന്ന് മണ്ഡലത്തിൽ വാഹന പര്യടനം നടത്തും. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരിനൊപ്പം റോഡ് ഷോയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിയോടെ തോട്ടയ്ക്കാട് നിന്നാകും ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ റോഡ് ഷോ തുടങ്ങുക. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലും ഇന്ന് റോഡ് ഷോയിലൂടെയാവും പ്രചാരണം അവസാനിപ്പിക്കുക. വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുക. സെപ്തംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. സെപ്റ്റംബർ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഒന്നാം ദിനം മുതൽ തുടങ്ങിയ അധിക്ഷേപങ്ങൾക്ക് കലാശക്കൊട്ടിന്റെ തലേന്നും മാറ്റമൊന്നുമില്ല . എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പൂർണ്ണ ഗർഭിണിയായ ഭാര്യയെയും, തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും രംഗത്തെത്താതിരുന്ന ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മയെയും സൈബർ കൂട്ടങ്ങൾ വെറുതെ വിടുന്നില്ല. സൈബർ ആക്രമണങ്ങളിൽ ജെയ്ക്കിന്റെ ഭാര്യ ഗീതു ഇന്നലെ പരാതി നൽകി. ജെയ്ക്കിന് വേണ്ടി അയൽവാസികളോട് വോട്ട് അഭ്യർത്ഥിച്ച് ഇറങ്ങിയ ഗീതു തോമസിനെ കോണ്ഗ്രസ് അനുകൂല സൈബർ പോരാളികൾ ട്രോളുന്നത് ആരോഗ്യ സ്ഥിതി പോലും മാനിക്കാതെയാണ്.