കോട്ടയം : കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ, 3 മണിവരെ അറുപത് ശതമാനത്തിലേറെ പോളിംഗ് നടന്നു. രാവിലെ ഏഴുമണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര തന്നെ ഉണ്ടായി. ഇത് സ്ഥാനാർഥികളിൽ വലിയ പ്രതീക്ഷ ഉളവാക്കി.മണ്ഡലത്തിൽ ചിലയിടങ്ങളിൽ ഇടയ്ക്ക് മഴ പെയ്തെങ്കിലും ഉച്ച സമയത്തും മിക്ക ബൂത്തുകളിലും പോളിംഗ് തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74. 84 ശതമാനം പോളിംഗ് ഇത്തവണ പുതുപ്പള്ളി മറികടന്നേക്കുമെന്നാണ് കരുതുന്നത്. എട്ടു പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി ഒന്നേമുക്കാൽ ലക്ഷത്തിലേറെ വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്.
90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണ് വോട്ടിംഗ് നടത്തിയത്. രാവിലെ തന്നെ സ്ഥാനാത്ഥികളായ ചാണ്ടി ഉമ്മനും ജെയ്ക്ക് സി തോമസും ലിജിൻ ലാലും മണ്ഡലങ്ങളിൽ നിറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്‌കൂൾ ബൂത്തിലും എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് മണർകാട് എൽപി സ്‌കൂൾ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. കൂടുതൽ ബൂത്തുകൾ ഉള്ള അയർകുന്നത്തും വാകത്താനത്തും മിക്കയിടത്തും നല്ല തിരക്കുണ്ട്.