സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച തന്റെ ഡീപ്പ് ഫേക്ക് വീഡിയയോട് പ്രതികരിച്ച് നടി രശ്മിക മന്ദാന. വീഡിയോ വ്യാജമാണെന്നും ഇത്തരമൊരു സംഭവത്തിൽ പ്രതികരിക്കേണ്ടി വന്നത് വേദനാജനകമാണെന്നും താരം പറഞ്ഞു. സ്കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായതെങ്കിൽ എങ്ങനെ നേരിടുമായിരുന്നുവെന്ന് അറിയില്ല. ഇത്തരത്തിലുള്ള ഐഡന്റിറ്റി മോഷണം കൂടുതൽ പേരെ ബാധിക്കുന്നതിന് മുമ്പ് ഒരു സമൂഹമെന്ന നിലയിൽ അടിയന്തിരമായി വിഷയത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും രശ്മിക മന്ദാന പറഞ്ഞു. എക്സിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
‘ഓൺലൈനിൽ പ്രചരിക്കുന്ന എന്റെ ഡീപ്ഫേക്ക് വീഡിയോയെക്കുറിച്ച് സംസാരിക്കേണ്ടി വന്നതിൽ ശരിക്കും വേദന തോന്നുന്നു. എന്നെക്കുറിച്ച് മാത്രമല്ല, സാങ്കേതികവിദ്യയുടെ ദുരുപയോഗം കാരണം അപകടങ്ങൾക്ക് ഇരയാകുന്നവരെയോർത്ത് ഭയമാകുന്നു. ഇന്ന്, ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും, എനിക്ക് സുരക്ഷയും പിന്തുണയും നൽകുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഞാൻ നന്ദി പറയുന്നു. ഞാൻ സ്കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കിൽ, എങ്ങനെ നേരിടുമായിരുന്നെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. ഇത്തരത്തിലുള്ള ഐഡന്റിറ്റി മോഷണം കൂടുതൽ പേരെ ബാധിക്കുന്നതിന് മുമ്പ് ഒരു സമൂഹമെന്ന നിലയിൽ അടിയന്തിരമായി ഈ വിഷയത്തെ നാം അഭിസംബോധന ചെയ്യേണ്ടതുണ്ട്’, രശ്മിക പറഞ്ഞു.
കറുത്ത ന്യൂഡീൽ സ്ട്രാപ്പ് വസ്ത്രം ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന തരത്തിലാണ് ദൃശ്യം പ്രചരിച്ചത്. വീഡിയോ പ്രത്യക്ഷപ്പെട്ടത് മുതൽ ഇതിലെ സത്യാവസ്ഥ അന്വേഷിച്ച് രശ്മികയുടെ ആരാധകർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയാ ഉപയോക്താക്കൾ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. പിന്നാലെ ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ ആണെന്ന് വ്യക്തമാക്കിക്കൊണ്ട് യഥാർത്ഥ വീഡിയോ കൂടി പ്രചരിക്കാൻ തുടങ്ങി. സാറാ പട്ടേൽ എന്ന ബ്രിട്ടീഷ് യുവതിയുടെ വീഡിയോയാണ് എ ഐ ഡീപ്പ് ഫേക്കിലൂടെ രശ്മികയുടേതെന്ന പേരിൽ പ്രചരിച്ചത്.
വീഡിയോ ഉണ്ടാക്കിയവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെ നിയമനടപടി ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. രശ്മികയുടേതായി പ്രചരിച്ച വ്യാജ വീഡിയോയിൽ നടപടി വേണമെന്ന് അമിതാഭ് ബച്ചനും ആവശ്യപ്പെട്ടു.