ഗസ്സ: ഇസ്രായേല്‍ മനുഷ്യത്വരഹിത ആക്രമണം തുടരുന്നതിനിടെ ഗസ്സയില്‍ വെടിനിര്‍ത്തലിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍.
ഹമാസും ഇസ്രായേലും തമ്മില്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ സാധ്യതകള്‍ ഉയര്‍ന്നത്. വെടിനിര്‍ത്തലിലേക്ക് അടുക്കുകയാണെന്ന് ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ്യ പ്രസ്താവനയില്‍ അറിയിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇസ്രായേലോ ഹമാസോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.
വെടിനിര്‍ത്തലിന് ഇസ്രായേല്‍ പച്ചക്കൊടി കാട്ടിയതായി ഇസ്രായേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
അഞ്ച് ദിവസത്തെ വെടിനിര്‍ത്തലിനാണ് ധാരണയെന്നും ഹമാസ് ബന്ദിയാക്കിയ സ്ത്രീകളെയും കുട്ടികളെയും വിട്ടുനല്‍കുമെന്നും ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പകരമായി, ഇസ്രായേല്‍ തടവറയിലുള്ള സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും.
നേരത്തെ കടുത്ത നിലപാടുമായി വെടിനിര്‍ത്തില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ പ്രധാനമന്ത്രി നെതന്യാഹു ഏതുപക്ഷത്തിനൊപ്പമാണെന്ന് വ്യക്തമല്ലെന്ന് ഇസ്രായേല്‍ പത്രം ‘ഹാരറ്റ്സ്’ റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം, വെടിനിര്‍ത്തല്‍ ധാരണയിലേക്കടുക്കുമ്ബോഴും ഇസ്രായേല്‍ ഗസ്സയില്‍ കനത്ത ആക്രമണം തുടരുകയാണ്. 13,300ലേറെ പേരെയാണ് ഗസ്സയില്‍ അധിനിവേശ സൈന്യം കൊലപ്പെടുത്തിയത്. കഴിഞ്ഞയാഴ്ചകളില്‍ വടക്കൻ ഗസ്സയിലായിരുന്നു രൂക്ഷമായ ആക്രമണം നടത്തിയതെങ്കില്‍ ഇപ്പോള്‍ തെക്കൻ ഗസ്സയിലേക്കും ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്.