തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനംകവർന്ന നടി തമന്ന ഭാട്ടിയയെ ഇനി ദക്ഷിണേന്ത്യൻ സിനിമകളിൽ കാണാനാകില്ല. മുംബൈയിൽ നിന്നുള്ള തമന്ന തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് സൂപ്പർ താരമായി മാറുന്നത്. സൗന്ദര്യത്തിലും അഭിനയത്തിലുമെല്ലാം മുന്നിട്ട് നിൽക്കുന്ന തമന്നയ്ക്ക് കേരളത്തിലടക്കം നിരവധി ആരാധകരുണ്ട്. മിൽക്കി ബ്യൂട്ടി എന്നാണ് തമന്നയെ ആരാധകർ വിശേഷിപ്പിക്കുന്നത്. 18 വർഷം നീണ്ട കരിയറിൽ നിരവധി ഹിറ്റുകളുടെ ഭാഗമാകാനും തമന്നയ്ക്ക് സാധിച്ചു. ഇപ്പോൾ ബോളിവുഡിലും തിളങ്ങുകയാണ് താരം.
ഏകദേശം 75-ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള തമന്ന, വിജയ്, അജിത്ത്, സൂര്യ, വിക്രം, ധനുഷ്, കാർത്തി, വിജയ് സേതുപതി, മഹേഷ് ബാബു, അല്ലു അർജുൻ, ജൂനിയർ എൻടിആർ, രാം ചരൺ തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകളുടേയും നായികയായി തമന്ന അഭിനയിച്ചിട്ടുണ്ട്. 2005 ൽ പുറത്തിറങ്ങിയ ചാന്ദ് സെ റോഷൻ ചെഹ്ര എന്ന ഹിന്ദി സിനിമയിലൂടെയാണ് തമന്നയുടെ അരങ്ങേറ്റം. പിന്നെ ശ്രീ എന്ന സിനിമയിലൂടെ തെലുങ്കിലും 2006ൽ പുറത്തിറങ്ങിയ കേഡി എന്ന ചിത്രത്തിലൂടെ തമിഴിലേക്കും എത്തുകയായിരുന്നു. പിന്നീട് തമന്നയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ജയിലർ, ഭോല ശങ്കർ എന്നീ സിനിമകളാണ് തമന്നയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. നിലവിൽ ആരാൺമൈ 4 എന്ന തമിഴ് ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. ഹിന്ദി, മലയാളം ഭാഷകളിലായി ഓരോ ചിത്രങ്ങളും അണിയറയിലുണ്ട്. എന്നിരുന്നാലും, തെന്നിന്ത്യൻ സിനിമകളേക്കാൾ ഹിന്ദി ചിത്രങ്ങളിലാണ് തമന്ന ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഹിന്ദിയിൽ മൂന്ന് സിനിമകളിലും രണ്ടു വെബ് സീരീസുകളിലാണ് തമന്ന അഭിനയിച്ചത്.
ഇപ്പോഴിതാ തെന്നിന്ത്യൻ സിനിമയിൽ അത്ര സജീവമാകാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് തമന്ന. പുരുഷാധിപത്യം നിറഞ്ഞ സിനിമകളാണ് തെന്നിന്ത്യൻ സിനിമകളിൽ ഏറെയെന്നും തമന്ന പറയുന്നു.ഫിൽംഫെയർ മാഗസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. തമന്നയുടെ വക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നടിയുടെ പരാമർശം വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്.
‘തെന്നിന്ത്യൻ സിനിമയിൽ ചില ഫോർമുലാസ് ഉപയോഗിക്കുന്നുണ്ട്. കാരണം അത് ഈസി ആയത് കൊണ്ടാണ്. ചില കൊമേർഷ്യൽ സിനിമകളിൽ, എന്റെ കഥാപാത്രങ്ങളുമായി എനിക്കൊരു കണക്ഷൻ തോന്നാറില്ല, ചിലതിന്റെ തീവ്രത കുറയ്ക്കാൻ ഞാൻ സംവിധായകരോട് ആവശ്യപ്പെടാറുണ്ട്. പുരുഷത്വത്തെ ആഘോഷിക്കുന്ന സിനിമകളിൽ അഭിനയിക്കാതിരിക്കാൻ ഞാൻ ബോധപൂർവമായ ശ്രമങ്ങളും നടത്തി തുടങ്ങിയിട്ടുണ്ട്’, തമന്ന പറഞ്ഞു.
തന്റെ ബോളിവുഡ് കരിയർ അത്ര വിജയകരമല്ലെന്നും തമന്ന അഭിമുഖത്തിൽ പറഞ്ഞു. ‘എന്റെ ബോളിവുഡ് കരിയർ അത്ര വിജയകരമല്ല. ഒരുപാട് പേരുടെ സംഭാവന കൊണ്ടാണ് ഒരു സിനിമ നിർമ്മിക്കുന്നത് എന്നതിനാൽ ഞാനത് ഒരിക്കലും എന്റെ വ്യക്തിപരമായ പരാജയമായി കാണുന്നില്ല. എന്റെ വിജയ പരാജയങ്ങളിൽ നിന്ന് ഞാൻ അൽപ്പം അകന്നു നിൽക്കുകയാണ്. ഒന്നിനെയും ഞാൻ അത്ര കാര്യമായി എടുക്കാറില്ല’, തമന്ന വ്യക്തമാക്കി.
ആഗ്രി സാച്ച് എന്ന വെബ് സീരീസിലാണ് തമന്ന അവസാനമായി അഭിനയിച്ചത്. ആരൺമൈ 4 കൂടാതെ ദിലീപ് നായകനാകുന്ന ബാന്ദ്ര, ഹിന്ദി ചിത്രമായ വേദ എന്നിവയാണ് തമന്നയുടേതായി അണിയറയിൽ ഉള്ളത്. തമന്നയുടെ ആദ്യ മലയാള ചിത്രമാണ് ബാന്ദ്ര. അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.