നയൻതാരയെ പിൻതള്ളി തൃഷ, രശ്മികയ്ക്കും കീർത്തിക്കും എടുത്ത്‌ എത്താനായില്ല: പ്രതിഫലത്തിൽ നമ്പർ വൺ

നയൻതാരയെ പിൻതള്ളി തൃഷ, രശ്മികയ്ക്കും കീർത്തിക്കും എടുത്ത്‌ എത്താനായില്ല: പ്രതിഫലത്തിൽ നമ്പർ വൺ

സിനിമയിൽ പുരുഷാധിപത്യം കൂടുതലാണെന്നത് സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പലപ്പോഴായി പറ‍ഞ്ഞിട്ടുള്ള കാര്യമാണ്. പുരുഷന്മാർ സിനിമയിൽ നാൽപ്പതും അമ്പതും വർഷം പിടിച്ച് നിൽക്കുന്നത് പോലെ നിൽക്കാൻ നടിമാർക്ക് സാധിക്കില്ല. അല്ലെങ്കിൽ നായിക സ്ഥാനത്ത് നിന്നും മാറി വിട്ടുവീഴ്ചകൾക്ക് തയ്യാറായി സഹനടികളുടെ വേഷം ചെയ്യാനും തയ്യാറാവണം.വിവാഹിതരായാൽ തന്നെ സിനിമയിൽ നടിമാരുടെ മാർക്കറ്റ് ഇടിയും. പ്രായം, സൗന്ദര്യം തുടങ്ങിയ കാരണങ്ങളാലും നടിമാർ സിനിമാ ഫീൽഡിൽ നിന്ന് പുറത്താകും. എന്നാൽ കുറച്ച് നടിമാർ വർഷങ്ങളായി തുടർച്ചയായി നായകന്മാരായി അഭിനയിക്കുന്നുണ്ട്.
തൃഷ, നയൻതാര തുടങ്ങിയ നടിമാരെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. 20 വർഷത്തിലേറെയായി ഇരുവരും നായികമാരായി അഭിനയിക്കുന്നുണ്ട്. മാത്രമല്ല സപ്പോർട്ടിങ് റോളുകളിൽ അഭിനയിക്കാറുമില്ല. ബി​ഗ് ബജറ്റ്, പാൻ ഇന്ത്യൻ സിനിമകൾ നിരവധി റിലീസ് ചെയ്യാൻ തുടങ്ങിയതോടെ അടുത്ത കാലത്തായി നായികമാർ നായകന്മാർക്ക് തുല്യമായ പ്രതിഫലം വാങ്ങുന്നുണ്ട്.

10 മുതൽ 11 കോടി രൂപ വരെയാണ് നായികമാർ പ്രതിഫലമായി കൈപറ്റുന്നത്. ഒമ്പത് അക്ക പ്രതിഫലം വാങ്ങിയ ആദ്യ തെന്നിന്ത്യൻ നടി നയൻതാരയായിരുന്നു. എന്നാൽ ഇപ്പോൾ നയൻതാരയേക്കാൾ പ്രതിഫലം വാങ്ങുന്ന ഒരു നടിയുണ്ട് തെന്നിന്ത്യയിൽ. അത് മറ്റാരുമല്ല നടി തൃഷയാണ്. നിലവിൽ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി തൃഷയാണ്.തൃഷയുടെ അഭിനയമികവും യൗവ്വനം തുളുമ്പുന്ന സൗന്ദര്യവുമാണ് നയൻതാരയുടെ പ്രതിഫലത്തെ വെല്ലുന്ന തരത്തിൽ തൃഷയുടെ പ്രതിഫലം ഉയരാൻ കാരണം. മണിരത്‌നം സംവിധാനം ചെയ്യുന്ന കമൽഹാസന്റെ വരാനിരിക്കുന്ന ചിത്രത്തിൽ തൃഷയാണ് നായികയായി എത്തുന്നത്. ഈ ചിത്രത്തിൽ അഭിനയിക്കുന്നതിന് തൃഷയക്ക് 12 കോടി രൂപ പ്രതിഫലമായി ലഭിച്ചേക്കും.

ഇത്രയും വലിയ തുക നടിക്ക് പ്രതിഫലമായി നൽകാൻ നിർമ്മാതാക്കൾ മുന്നോട്ട് വന്നിട്ടുണ്ടെന്നും അതിനുള്ള അവസാന ചർച്ചകൾ നടക്കുകയാണെന്നുമാണ് റിപ്പോർട്ട്. തൃഷയാണ് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയെന്ന് കരുതി നയൻതാരയുടെ പ്രതിഫലത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ല.ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നയൻതാരയ്ക്ക് 11 കോടി രൂപയാണ് ചിത്രത്തിന് പ്രതിഫലമായി ലഭിച്ചിരിക്കുന്നത്. പ്രതിഫലത്തിന്റെ കാര്യത്തിൽ മൂന്നാമത് നിൽക്കുന്നത് അനുഷ്‌ക ഷെട്ടിയാണ്. ആറ് കോടി രൂപയാണ് പ്രതിഫലം. ഇപ്പോൾ തെലുങ്ക്, മലയാളം ചിത്രങ്ങളിൽ അഭിനയിച്ചുവരികയാണ് അനുഷ്ക. നടി സാമന്ത മൂന്ന് മുതൽ എട്ട് കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നതായി പറയപ്പെടുന്നു. അടുത്തിടെ പുറത്തിറങ്ങിയ യശോദ, ശകുന്തളം, ഖുഷി എന്നീ ചിത്രങ്ങൾക്ക് ശേഷം സിറ്റാഡൽ എന്ന വെബ് സീരീസിലാണ് സാമന്ത ഇപ്പോൾ അഭിനയിക്കുന്നത്. ഏറ്റവും തിരക്കുള്ള തെന്നിന്ത്യൻ നടിമാരിൽ ഒരാളാണ് പൂജ ഹെ​ഗ്ഡെ. ഒരു ചിത്രത്തിന് രണ്ടരക്കോടി മുതൽ ഏഴ് കോടി വരെയാണ് പൂജാ ഹെഗ്‌ഡെ പ്രതിഫലം വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം തെലുങ്ക് ചിത്രങ്ങളുടെ തിരക്കിലായ പൂജ ഹെഗ്‌ഡെ ഇപ്പോൾ ഹിന്ദി ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. രശ്മിക മന്ദാന ഒരു ചിത്രത്തിന് 2 മുതൽ 5 കോടി വരെയാണ് പ്രതിഫലം വാങ്ങുന്നത്. നാഷണൽ ക്രഷ് എന്നറിയപ്പെടുന്ന രശ്മിക ഇപ്പോൾ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ അഭിനയിക്കുന്ന തിരക്കിലാണ്.ജയിലറിലൂടെ വീണ്ടും തരം​ഗമായ തമന്ന 1.5 കോടി മുതൽ 5 കോടി രൂപയാണ് പ്രതിഫലമായി കൈപറ്റുന്നത്. കാവല എന്ന ഗാനത്തിലൂടെ ഇന്ത്യയൊട്ടാകെ ട്രെൻഡിങ്ങായ തമന്ന ഇപ്പോൾ അരൺമനൈ എന്ന തമിഴ് ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഹിന്ദി, മലയാളം സിനിമകളിലും അഭിനയിക്കുന്നുണ്ട്. ഒന്നര മുതൽ നാല് കോടി വരെയാണ് കാജൽ അഗർവാൾ ഒരു ചിത്രത്തിന് പ്രതിഫലം വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
നടി രാകുൽ പ്രീത് സിംഗ് ഒരു സിനിമയ്ക്ക് ഒന്നര മുതൽ മൂന്നര കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നതായി പറയപ്പെടുന്നു. ഒരു ചിത്രത്തിന് കീർത്തി സുരേഷ് 1 മുതൽ 3 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply