ഇടുക്കി: മൂന്നാർ ദേവികുളത്ത് പട്ടാപ്പകൽ വീടുകയറി യുവതിയെ ആക്രമിച്ചയാളെ പൊലീസ് പിടികൂടി. ചൊക്കനാട് സ്വദേശി രാംകുമാറാണ് പിടിയിലായത്. മോഷണ ശ്രമത്തിനിടെയാണ് ഇയാൾ യുവതിയെ ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
ദേവികുളം കോടതിയിലെ ജീവനക്കാരനായ റെജിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം അക്രമണമുണ്ടായത്. റെജിയുടെ ഭാര്യ ടെസിയും കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇത് മനസിലാക്കിയാണ് പ്രതി മോഷണം ആസൂത്രണം ചെയ്തത്. വീടിന് പുറക് വശത്തെത്തിയ പ്രതി കയ്യിൽ കരുതിയ മുളക് പൊടി വിതറുകയും യുവതിയെ ആക്രമിക്കുകയുമായിരുന്നു. മരക്കഷണവും കല്ലും ഉപയോഗിച്ചായിരുന്നു മർദനം. ശബ്ദം കേട്ട് നാട്ടുകാരെത്തിയതോടെ അക്രമി ഓടി രക്ഷപെടുകയായിരുന്നു.
മൂന്നാർ -ദേവികുളം പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തമിഴ്‌നാടിൽ താമസിക്കുന്ന പ്രതി അടുത്തിടെയാണ് മൂന്നാറിൽ തിരികെയെത്തിയത്. തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.