എറണാകുളം: പിറവത്ത് വീട്ടുവളപ്പിൽ ആട് കയറിയതിന് യുവതിയെയും മകനെയും വിമുക്തഭടൻ ആക്രമിച്ചതായി പരാതി. പിറവം പല്ലേലിമറ്റത്ത് പ്രിയയ്ക്കും മകനുമാണ് അയൽവാസിയായ രാധാകൃഷ്ണനിൽ നിന്ന് മർദനമേറ്റത്.
നവംബർ അഞ്ചിനാണ് സംഭവം നടക്കുന്നത്. പറമ്പിൽ കെട്ടിയിരിക്കുന്ന ആടിനെ അഴിച്ച് വീട്ടിലേക്ക് പോകുന്ന വഴി രാധാകൃഷ്ണന്റെ വീട്ടുവളപ്പിലുണ്ടായിരുന്ന ഓല ആട് കടിച്ചെടുത്തതാണ് തർക്കത്തിന് തുടക്കം. ആട് പറമ്പിലേക്ക് ഓടിക്കയറുന്നത് കണ്ടെത്തിയ രാധാകൃഷ്ണൻ ആടിനെ കല്ലെടുത്തെറിഞ്ഞു. ഇത് കണ്ടെത്തിയ കുട്ടി രാധാകൃഷ്ണനെ തടഞ്ഞെങ്കിലും കുട്ടിയുടെ കൈ പുറകോട്ട് വലിച്ചു കെട്ടു തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണുണ്ടായത്. കുട്ടിയെ രാധാകൃഷ്ണൻ ഉപദ്രവിക്കുന്നത് തടയാനെത്തിയ പ്രിയയ്ക്കും മർദനമേൽക്കുകയായിരുന്നു
രാധാകൃഷ്ണനെതിരെ പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. രാധാകൃഷ്ണനെതിരെ രണ്ടു കേസുകൾ നിലവിലുണ്ടെന്നും സംഭവം നടന്ന ശേഷം ഇയാൾ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പറയുന്നു. നിലവിൽ ഒളിവിലാണ് പ്രതി. ഇയാൾക്കെതിരെ നടപടിയെടുക്കിനില്ലെന്നാരോപിച്ച് റൂറൽ എസ്പിക്ക് പരാതി നൽകിയിരിക്കുകയാണ് കുടുംബം.