പേഴ്സിൽ ഉണ്ടായിരുന്നത് ആകെ 20 രൂപ. ഇതോടെ കവർച്ച നടത്താനെത്തിയവർ പണം തിരികെ നൽകി മടങ്ങി. കിഴക്കൻ ദില്ലിയിലെ ഷഹ്ദാരയിലെ ഫാർഷ് ബസാർ ഏരിയയിലാണ് സംഭവം.റോഡിലൂടെ നടന്നുപോവുകയായിരുന്ന ദമ്പതികളെയാണ് കവർച്ചക്കാർ ലക്ഷ്യമിട്ടത്. നടന്നുപോവുകയായിരുന്ന ദമ്പതികളെ കവർച്ചക്കാർ പരിശോധിച്ചപ്പോൾ 20 രൂപ മാത്രമാണ് കണ്ടെത്താനായത്. മറ്റൊന്നും കണ്ടെത്താതിരുന്നപ്പോൾ മോഷ്ടാക്കൾ ദമ്പതികൾക്ക് 100 രൂപ നൽകി മടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ചെറിയ വീഡിയോ ക്ലിപ്പാണിപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. കവർച്ച നടത്താൻ ബൈക്കിലെത്തിയ രണ്ടുപേർ ദമ്പതികളെ തടയുന്നതും ഒടുവിൽ എന്തോ ഒന്ന് ദമ്പതികൾക്ക് നൽകി അവർ മടങ്ങുന്നതുമാണ് വിഡിയോയിൽ കാണുന്നത്.
പുറത്തുവന്ന ദൃശ്യങ്ങൾ പ്രകാരം, ഹെൽമെറ്റ് ധരിച്ച രണ്ട് പുരുഷന്മാർ ബൈക്കിലെത്തുന്നു. നടന്നുപോവുകയായിരുന്ന ദമ്പതികളെ തടഞ്ഞുനിർത്തുകയും പണം ചോദിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ തന്നെ മറ്റൊരാൾ കൂടെയുണ്ടായിരുന്ന പുരുഷനെ പരിശോധിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഒന്നും കിട്ടാതെ മടങ്ങുന്നതിന് മുമ്പ് ഇവർ എന്തോ ദമ്പതികൾക്ക് കൈമാറുകയും ചെയ്തു. 100 രൂപയാണ് മോഷ്ടാക്കൾ കൈമാറിയതെന്ന് ദമ്പതികൾ തന്നെ പൊലീസിനോട് പറഞ്ഞു.