തെലങ്കാനയിൽ നിന്നും കോൺഗ്രസിൽ ചേർന്ന ബി.ആര്‍.എസ് നേതാക്കളെ കുറിച്ചുള്ള ട്വീറ്റില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെയും ചിത്രം പങ്കുവെച്ച് ഹരിയാന യൂത്ത് കോണ്‍ഗ്രസ്.
“മുൻ എം.പി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡിയും തെലങ്കാന മുൻ മന്ത്രി ജുപള്ളി കൃഷ്ണ റാവുവും മറ്റ് ബി.ആർ.എസ് നേതാക്കളും ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേർന്നു”- ഈ ട്വീറ്റിനൊപ്പമുള്ളത് രാഹുല്‍ ഗാന്ധിയുടെ കൈ പിടിച്ചു നില്‍ക്കുന്ന കെ സുധാകരന്‍റെയും വി.ഡി സതീശന്‍റെയും ചിത്രമാണ്.
ഹൈക്കമാന്‍ഡുമായി ചര്‍ച്ചക്കെത്തിയ വി.ഡി സതീശനെയും കെ സുധാകരനെയും കോൺഗ്രസിൽ ചേര്‍ന്ന ബി.ആര്‍.എസ് നേതാക്കളെന്ന് ഹരിയാന യൂത്ത് കോണ്‍ഗ്രസ് തെറ്റിദ്ധരിക്കുകയായിരുന്നു. സംഭവം വൈറലായതോടെ ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു.