പ്രസവിക്കാൻ എസി മുറി ഏർപ്പാടാക്കിയില്ലെന്ന് പറഞ്ഞ് ഭർത്താവിന്റെ വീട്ടുകാരെ പൊതിരെ തല്ലി യുവതിയുടെ വീട്ടുകാർ. ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലാണ് സംഭവം. പ്രസവശേഷം യുവതിയുടെ വീട്ടുകാർ കുഞ്ഞിനെയും അമ്മയെയും കാണാനെത്തിയപ്പോഴാണ് സംഭവം.
യുവതി പ്രസവിച്ച് കിടക്കുന്ന മുറിയിൽ എസി ഇല്ലെന്നാരോപിച്ച് തർക്കമുണ്ടാകുകയും തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. സ്വകാര്യ ആശുപത്രിയിലാണ് യുവതി പ്രസവിച്ചതെന്നും എല്ലാ ചെലവുകളും താനാണ് വഹിച്ചതെന്നും ഭർതൃപിതാവ് പറഞ്ഞു.
മകൾ കിടക്കുന്നത് എസി മുറിയിലല്ലെന്ന് മനസ്സിലായതോടെ ഭർതൃവീട്ടുകാരോട് തട്ടിക്കയറുകയും ഭർതൃപിതാവായ രാംകുമാറിന്റെ മുഖത്തടിക്കുകയും ചെയ്തു. ഇയാളുടെ ഭാര്യയെയും രണ്ട് മക്കളെയും ഇവർ മർദ്ദിച്ചെന്നും ആരോപിച്ചു. സംഭവം ആരോ മൊബൈൽ ക്യാമറയിൽ പകർത്തിയതോടെയാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്.