വയനാടിനു വേണ്ടി ബിരിയാണി ചലഞ്ച് നടത്തി പണംതട്ടിയ സംഭവത്തിൽ മൂന്നു സി.പി.എം. നേതാക്കൾക്കെതിരേ കേസ്. വയനാടിനു വേണ്ടി വ്യാജസംഘടനയുടെ മറവിൽ ബിരിയാണി ചലഞ്ച് നടത്തി പണംതട്ടിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്.
ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച 1.20 ലക്ഷം രൂപ സർക്കാരിനു കൈമാറിയില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. സി.പി.എം. കായംകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി മുൻ അംഗം സിബി ശിവരാജൻ, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുൺ, ഡി.വൈ.എഫ്.ഐ. മേഖലാ പ്രസിഡന്റ് അമൽരാജ് എന്നിവർക്കെതിരേയാണു കേസ്.
എ.ഐ.വൈ.എഫ്. പുതുപ്പള്ളി മേഖലാ സെക്രട്ടറി ശ്യാംലാൽ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും നൽകിയ പരാതിയിലാണ് കായംകുളം പോലീസ് കേസെടുത്തത്.
കഴിഞ്ഞ സെപ്റ്റംബർ ഒന്നിനായിരുന്നു വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി ബിരിയാണി ചലഞ്ച് നടത്തിയത്. 1,200 പൊതി ബിരിയാണിയാണു വിതരണംചെയ്തത്. 100 രൂപയായിരുന്നു ഒരു പൊതിയുടെ വില.
തണൽ ജനകീയക്കൂട്ടായ്മ എന്ന സംഘടനയുടെ പേരിലായിരുന്നു പരിപാടിയെന്നും സമാഹരിച്ച 1.20 ലക്ഷം തട്ടിയെന്നുമാണ് എഫ്.ഐ.ആറിൽ (പ്രഥമവിവര റിപ്പോർട്ട്) പറയുന്നത്. ബിരിയാണി ചലഞ്ച് കൂടാതെ, സംഭാവന വാങ്ങിയും തട്ടിപ്പു നടത്തി. ഗൂഗിൾ പേ വഴിയും പണം ശേഖരിച്ചതായി പരാതിയുണ്ട്.
Three C.P.M.s in the case of extorting money by conducting biryani challenge for Wayanad. Case against the leaders