ബുക്ക് ചെയ്യുന്ന എല്ലാവർ‌ക്കും യാത്ര; വൻ പരിഷ്കാരത്തിനൊരുങ്ങി റെയിൽവേ; പദ്ധതി 2027 ഓടെ പൂർത്തിയാക്കും

ബുക്ക് ചെയ്യുന്ന എല്ലാവർ‌ക്കും യാത്ര; വൻ പരിഷ്കാരത്തിനൊരുങ്ങി റെയിൽവേ; പദ്ധതി 2027 ഓടെ പൂർത്തിയാക്കും

ന്യൂഡൽഹി: 2027 ഓടെ എല്ലാ റെയിൽ യാത്രക്കാർക്കും കൺഫേം ടിക്കറ്റ് ലഭ്യമാക്കുമെന്ന് റെയിൽവേ. റെയിൽവേ അധികൃതരെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇത്തരത്തിലൊരു പരിഷ്കരണത്തിന്റെ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ദിവസവും പ്രത്യേക ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതോടെ പ്രതിദിനം ഓടുന്ന ട്രെയിൻ സർവീസുകളുടെ എണ്ണം 13,000 ആയി ഉയർത്തുമെന്ന് റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഇതിന്റെ ഭാഗമായി ട്രാക്കുകൾ വർ‌ദ്ധിപ്പിക്കുക, ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കുക, പുഷ് പുൾ സാങ്കേതിക വിദ്യ അവതരിപ്പിക്കുക എന്നിങ്ങനെ നീളുന്നു റെയിൽവേയുടെ പദ്ധതികൾ.

രാജ്യത്തെ പ്രധാന ആഘോഷങ്ങളിൽ ഒന്നായ ദീപാവലിയോട് അനുബന്ധിച്ച് പ്രധാനപ്പെട്ട ട്രെയിൻ സർവീസുകളിൽ‌ വൻ തിരക്ക് അനുഭവപ്പെട്ടതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്. അതിന് പിന്നാലെ, ബിഹാറിൽ ഉണ്ടായ തിക്കിലും തിരക്കിലും 40കാരൻ മരിച്ചിരുന്നു. ഇതും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

ഈ പരിവർത്തനം നടത്തുന്നതിന്റെ ഭാഗമായി പ്രതിവർഷം പുതിയ ട്രാക്കുകൾ‌ നിർമിക്കാനാണ് റെയിൽവേ തയ്യാറെടുക്കുന്നത്. എല്ലാവർഷവും 4,000 മുതൽ 5,000 കിലോമീറ്റർ വരെ പുതിയ ട്രാക്കുകൾ നിർമിക്കാനാണ് റെയിൽവെ ഒരുങ്ങുന്നത്.

എല്ലാ ദിവസവും 10,748 ട്രെയിനുകളാണ് സർവീസ് നടത്തുന്നത് അത് 13,000 ആയി ഉയർത്താനും റെയിൽവേ തയ്യാറെടുക്കുന്നുണ്ട്. വരുന്ന മൂന്ന് മുതൽ നാല് വർഷത്തിനുള്ളിൽ 3,000 പുതിയ ട്രെയിനുകളും ട്രാക്കിലിറക്കുമെന്നും റെയിൽവേ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർ‌ട്ട് ചെയ്യുന്നു.

യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. വർഷം 800 കോടി യാത്രക്കാർ എന്നത് 1,000 കോടിയാക്കി ഉയർത്താനാണ് പദ്ധതിയിടുന്നത്.

യാത്രാസമയം കുറയ്ക്കുക എന്ന പദ്ധതിയും റെയിൽവേയുടെ പരിഗണനയിലുള്ള കാര്യമാണ്. അതിന്റെ ഭാഗമായാണ് ട്രാക്കുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതും വേഗത വർദ്ധിപ്പിക്കുന്നതും. ആക്സിലറേഷനും ഡിസിലറേഷനും വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്, അങ്ങനെ ട്രെയിൻ നിർത്താനും വേഗത കൈവരിക്കാനും കുറച്ച് സമയമെടുക്കും.

ആക്സിലറേഷനും ഡിസിലറേഷനും വർദ്ധിപ്പിക്കുന്നതിലൂടെ ഡൽഹിയിൽ നിന്നും കൊൽക്കത്തയിലേക്ക് രണ്ട് മണിക്കൂറും 20 മിനിട്ടും ലാഭിക്കാൻ സാധിക്കുമെന്ന് അടുത്തിടെ റെയിൽവേ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. പുഷ്-പുൾ ട്രെയിനുകൾ അവതരിപ്പിച്ചാൽ ഇത് വേഗത്തിലാക്കാൻ സാധിക്കും. അതുവഴി ട്രെയിനുകളുടെ വേഗതവർധിപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

നിലവിൽ, പ്രതിവർഷം 225 ട്രെയിനുകൾ പുഷ് പുൾ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്നുണ്ട്. നിലവിൽ ട്രാക്കുകളിൽ ഉള്ള ട്രെയിനുകളേക്കാൾ‌ നാല് മടങ്ങ് ശേഷിയുള്ളതാണ് തദ്ദേശീയമായി വികസിപ്പിച്ചിരിക്കുന്ന വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ.

Leave a Reply