കുമ്പള അനന്തപുരം ക്ഷേത്ര തടാകത്തിൽ ബബിയക്ക് പകരം പുതിയ ആളെത്തി

കുമ്പള അനന്തപുരം ക്ഷേത്ര തടാകത്തിൽ ബബിയക്ക് പകരം പുതിയ ആളെത്തി

കാസർകോട് കുമ്പള അനന്തപുരം ക്ഷേത്ര തടാകത്തിൽ പുതിയ മുതല എത്തി. അനന്തപുരം ക്ഷേത്ര തടാകത്തിലെ വലിയ ആകർഷണമായിരുന്ന ബബിയ എന്ന മുതല കഴിഞ്ഞ വർഷം ഒക്ടോബറിൽ ചത്തിരുന്നു. പുതിയ മുതല എത്തിയത് അറിഞ്ഞതോടെ ക്ഷേത്ര തടാകത്തിൽ സന്ദർശക പ്രവാഹമാണ്.
അനന്തപുരം ക്ഷേത്രത്തിൽ എത്തുന്ന എല്ലാവരുടെയും കണ്ണ് തടാകത്തിലേക്കാണ് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സ്ത്രീകളും കുട്ടികളും അടക്കം ഇവിടെ എത്തുന്നവരെല്ലാം തടാകത്തിലെത്തും. കുമ്പള അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്ര തടാകത്തിന് ചുറ്റും ഇവർ മുതലെ കാണാനായി കാത്തിരിക്കും. ഇടയ്ക്ക് എല്ലാവർക്കും ‘ദ‍ർശനം’ നൽകാൻ പുതിയ മുതലയും സമയം കണ്ടെത്തും.
1942 മുതല്‍ ഈ തടാകത്തിൽ കഴിഞ്ഞിരുന്ന മുതലയായിരുന്നു ബബിയ. ഏവ‍ർക്കും വലിയ പ്രിയമായിരുന്ന ബബിയ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ചത്തത്. ബബിയക്ക് പകരക്കാരൻ എത്തിയതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ക്ഷേത്ര തടാകത്തിലേക്ക് ജനപ്രവാഹം തുടങ്ങിയത്. പുതിയ മുതലയുടെ ദൃശ്യങ്ങൾ ക്ഷേത്ര കമ്മിറ്റി തന്നെയാണ് പുറത്തുവിട്ടത്. തടാകത്തിലെ ഗുഹയ്ക്കകത്താണ് നേരത്തെ ഉണ്ടായിരുന്ന മുതല ബബിയ വസിച്ചിരുന്നത്. ഇതേ ഗുഹയിലാണ് ഇപ്പോള്‍ പുതുതായെത്തിയ മുതലയുടെയും വാസം.
അതേസമയം കുമ്പള അനന്തപുര അനന്തപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുതല ബബിയയെ സംബന്ധിച്ച് നേരത്തെ പുറത്തുവന്ന മറ്റൊരു വാ‍ർത്ത ബബിയയുടെ സ്മരണാർത്ഥം തപാൽ വകുപ്പ് പ്രത്യേക കവർ പുറത്തിറക്കി എന്നതാണ്. കഴിഞ്ഞ നവംബർ മാസത്തിൽ കുമ്പള പോസ്റ്റ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ കാസറകോട് ജില്ലാ പോസ്റ്റൽ സൂപ്രണ്ട് വി ശാരദയാണ് കവർ പ്രകാശനം ചെയ്തത്. വിവിധ ഫിലാറ്റലിക് ബ്യൂറോകളിൽ നിന്നും 10 രൂപ നിരക്കിൽ സ്പെഷ്യൽ കവർ പൊതുജനങ്ങൾ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രത്യേകതയായിരുന്നു നിരുപദ്രവകാരിയായ ബബിയ. ഇടയ്ക്കിടെ തടാകത്തിലെ തന്‍റെ മാളത്തില്‍ നിന്നും മുതല കരയ്ക്ക് കയറി ശ്രീകോവിലിനടുത്തെത്താറുമുണ്ടായിരുന്നു.

Leave a Reply