‘നാണം കെടുത്തിയാല്‍ ആത്മഹത്യയാണ് വഴി’; വ്യാപാരി ബാങ്ക് ജീവനക്കാരനുമായി നടത്തിയ ശബ്ദ സംഭാഷണം പുറത്ത്

‘നാണം കെടുത്തിയാല്‍ ആത്മഹത്യയാണ് വഴി’; വ്യാപാരി ബാങ്ക് ജീവനക്കാരനുമായി നടത്തിയ ശബ്ദ സംഭാഷണം പുറത്ത്

കോട്ടയത്ത്‌ ആത്മഹത്യ ചെയ്ത വ്യാപാരി ബിനുവിനെ ബാങ്ക് ജീവനക്കാരന്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദ സംഭാഷണം പുറത്ത്. വായ്പയെടുത്ത തുക തിരിച്ചടക്കാത്തതിനാല്‍ ബിനുവിനോട് കടുത്ത ഭാഷയിലാണ് ജീവനക്കാരന്‍ സംസാരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് തുക അടക്കാമെന്ന് ബിനു പറയുന്നുണ്ടെങ്കിലും അത്രയും സാവകാശം നല്‍കാനാകില്ല, ബാങ്ക് അവധിയായതിനാല്‍ തുക പെട്ടെന്ന് തിരിച്ചടക്കണമെന്ന് ജീവനക്കാരന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.
ഇത്രയും പെട്ടെന്ന് തിരിച്ചടക്കാന്‍ തുക തന്റെ കൈയ്യിലില്ലെന്ന് ബിനു പറഞ്ഞതോടെ അക്കാര്യങ്ങളെല്ലാം ലോണ്‍ എടുക്കുമ്പോള്‍ ആലോചിക്കണമെന്നാണ് ജീവനക്കാരന്റെ മറുപടി. നാണം കെടുത്തിയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും ബിനു പറയുന്നുണ്ട്. ആത്മഹത്യ ചെയ്താലും കുഴപ്പമില്ലെന്നും ബാങ്ക് ജീവനക്കാരന്‍ മറുപടി പറയുന്നതാണ് പുറത്തുവന്ന ഫോണ്‍ സംഭാഷണം.

ശബ്ദ സംഭാഷണം

ബിനു: നോക്കട്ടെ രണ്ടു ദിവസത്തിനകം അയക്കാം
ബാങ്ക് ജീവനക്കാരന്‍: രണ്ടു ദിവസമെന്ന് പറഞ്ഞാല്‍… നാളെ കഴിഞ്ഞാല്‍ അവധിയാണ്
ബാങ്ക് ജീവനക്കാരന്‍: ഇഎംഐ ഇട്ട് തന്നാല്‍ മതി…തനിക്ക് മലയാളം മനസിലായില്ലെ…. ഇല്ലെന്ന് പറഞ്ഞാല്‍ ഉണ്ടാക്കണം…ഒരു വര്‍ഷമായിട്ട് ഇങ്ങനെയല്ലെ കാണിക്കുന്നത്…വെളച്ചിലെടുക്കരുത്..
ബിനു: നാണം കെടുത്തിയാല്‍ ആത്മഹത്യയാണ് വഴി
ബാങ്ക് ജീവനക്കാരന്‍: ഇതിലും ഭേദം ആത്മഹത്യ ചെയ്യുന്നതിലും അന്തസുണ്ട്.. നാട്ടുകാരുടെ പൈസേം വാങ്ങി നാണമില്ലാതിരുന്നിട്ട് കാര്യമുണ്ടോ…

കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് ശബ്ദ സംഭാഷണം പുറത്ത് വന്നത്. കോട്ടയം വെസ്റ്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കര്‍ണാടക ബാങ്കിലെ വായ്പയ്ക്ക് പുറമെ ബിനുവിന് മറ്റ് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നോയെന്ന കാര്യമാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുക. ഏതെങ്കിലും ലോണ്‍ ആപ്പുകള്‍ വഴിയും ബിനു വായ്പയെടുത്തിട്ടുണ്ടോയെന്നും പരിശോധിക്കും.
ലോണ്‍ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കര്‍ണാടക ബാങ്കിന്റെ ഭാഗത്തു നിന്നുള്ള ഭീഷണിയാണ് ബിനു ജീവനൊടുക്കാന്‍ കാരണമെന്ന് കുടുംബം ആരോപിക്കുന്നത്. ബിനുവിന്റെ വ്യാപാര സ്ഥാപനത്തിലെ മേശവലിപ്പില്‍ നിന്ന് ബാങ്ക് ജീവനക്കാര്‍ പണം എടുത്തു കൊണ്ടുപോയതായും കുടുംബം പരാതിപ്പെട്ടിരുന്നു. ഈ പരാതി ഗൗരവത്തോടെ അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് ബിനുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. നിലവില്‍ അസ്വഭാവിക മരണത്തിന് മാത്രമാണ് പൊലീസ് കേസ്. ഫോണ്‍ രേഖകള്‍ പരിശോധിച്ച ശേഷം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കും.

Leave a Reply