ഭർത്താവിനെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തശേഷം മറ്റൊരാൾക്ക് വിറ്റു

ഭർത്താവിനെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തശേഷം മറ്റൊരാൾക്ക് വിറ്റു

രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരല്ലെന്ന വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്ന നിരവധി സംഭവങ്ങളാണ് പലപ്പോഴായി ഉയർന്നു വരുന്നത്. അതിൽ ഏറ്റവുമൊടുവിലത്തേതാണ് ഹരിയാനയിലെ പൽവാളിൽ നിന്നുള്ള ഞെട്ടിക്കുന്ന വാർത്ത പുറത്തു വന്നിരിക്കുന്നത്. ഭർത്താവിനെതിരെ ഗാർഹിക പീഡനപരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ സബ് ഇൻസ്പെക്ടറും കൂട്ടാളികളും കൂട്ടബലാത്സംഗം ചെയ്തുവെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. യുവതിയുടെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ച സംഘം യുവതിയെ ഭീഷണിപ്പെടുത്തി മറ്റൊരാൾക്ക് വിൽപ്പന നടത്തിയെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ യുവതിയെ സബ് ഇൻസ്പെക്ടറുടെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കി.

കൂട്ടബലാത്സംഗത്തിനു ശേഷം പ്രതിയായ സബ് ഇൻസ്പെക്ടർ തന്നെ ഭീഷണിപ്പെടുത്തി മറ്റൊരു വീട്ടിൽ താമസിപ്പിച്ചെന്നും അവിടെവച്ച് തുടർച്ചയായി തന്നെ ബലാത്സംഗം ചെയ്തെന്നും യുവതി പറഞ്ഞു. തുടർന്ന് തന്നെ ഇൻസ്പെക്ടർ മറ്റെരാൾക്ക് വിൽപ്പന നടത്തുകയായിരുന്നു. വാങ്ങിയ വ്യക്തിയും ബന്ധുക്കളും തന്നെ ലെെംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നും യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. യുവതിയെ കൂട്ടബലാത്സഗത്തിനിരയാക്കി വിൽപ്പന നടത്തിയ കേസിൽ ഹസൻപൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ഏഴു പേർക്കെതിരെ ഞായറാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പ്രതികളിലൊരാളുടെ ഫോണിൽ നിന്ന് യുവതി തന്നെയാണ് പൊലീസിനെ വിളിച്ച് തൻ്റെ അവസ്ഥ അറിയിച്ചത്. അടിയന്തിര നടപടി കെെക്കൊണ്ട പൊലീസ് യുവതിയെ തടവിൽ വച്ചിരുന്ന സ്ഥലത്തെത്തി അവണരെ രക്ഷപ്പെടുത്തി ബന്ധുക്കളെ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി. യുവതി ഭർത്താവിനെതിരെ പരാതിയുമായി ഹസൻപൂർ പോലീസ് സ്‌റ്റേഷനിലെത്തി. പരാതിയൃുമായി സബ് ഇൻസ്‌പെക്ടർ ശിവ് ചരണിനെ കണ്ടെങ്കിലും അയാൾ പരാതി രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

പരാതി രജിസ്റ്റർ ചെയ്യാതെ തൻ്റെ സുഹൃത്തായ ബല്ലിക്കൊപ്പം അടുത്തുള്ള ഫാമിലേക്ക് പോകാൻ ശിവചരൺ നിർബന്ധിക്കുകയായിരുന്നു. യുവതി ഫാമിൽ എത്തിയപ്പോൾ അവിടെ നിരഞ്ജൻ ഭീമൻ എന്നീ വ്യക്തികളുമുണ്ടായിരുന്നു. ഫാമിൽ വച്ച് മൂവരും യുവതിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ അശ്ലീല വീഡിയോയും അവർ ചിത്രീകരിച്ചു.

തുടർന്ന് വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി തന്നെ പ്രതികൾ പൽവാളിലെ ശാന്തി എന്ന സ്ത്രീയുടെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നും യുവതി മൊഴി നൽകി. തുടർന്ന് മൂവരുംകൂടി തന്നെ അവിടെ താമസിപ്പിച്ച് രാത്രിയിൽ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് തന്നെ ബിജേന്ദ്ര എന്നയാൾക്ക് വിറ്റുവെന്നും ബിജേന്ദ്രയുടെ ഭാര്യാസഹോദരൻ ഗജേന്ദ്രനോടൊപ്പം സബ് ഇൻസ്പെക്ടർ ശിവ് ചരണും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നും യുവതി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു

Leave a Reply