കാസർകോട്: മേൽപറമ്പ് ടൗണിലെ പ്രധാന ആവശ്യമായി നിരവധി വർഷങ്ങളായി ഉയരുന്ന വിഷയമാണ് പൊതുശൗചാലയം. മറ്റു അനുബന്ധ കാര്യങ്ങളിൽ മേൽപറമ്പ് ടൗൺ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും പൊതു ശൗചാലയം ഇത് വരെ യാഥാർത്ഥമായിട്ടില്ല. മേൽപറമ്പ് ടൗണിൽ എത്തുന്നവർക്കും മേൽപറമ്പ് ടൌൺ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്നവർക്കും ഒന്ന് മൂത്രമൊഴിക്കാൻ നഗരമധ്യത്തിൽ ഒരു പൊതുശൗചാലയം ഇല്ലായെന്നത് നിരവധി വർഷങ്ങളായി ഉയരുന്ന പരാതിയാണ്. ഇപ്പോഴിതാ.. ഈ വിഷയത്തിൽ പ്രധാന നീക്കം നടത്തിയിരിക്കുകയാണ് പൊതുപ്രവർത്തകനും മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് പതിമൂന്നാം വാർഡ് മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖ് കുവ്വത്തൊട്ടി. വിഷയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കറിന് നിവേദനം നല്കിയിരിക്കുകയാണ് സിദ്ദിഖ്.വിഷയം ഗൗരവകരമായി പരിഗണിക്കുമെന്നും ഉടൻ ഇതിനായുള്ള നീക്കങ്ങൾ ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.