ജയ്പൂർ: രാജസ്ഥാനിലെ കരോലിയിൽ 19കാരിയായ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഭിലാപാഡയിൽ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗത്തിന് ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് കിണറ്റിൽ തള്ളിയതായി പൊലീസ് പറഞ്ഞു.
ഭിലാപാഡ റോഡിലെ കിണറ്റിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരം രാത്രി 9 മണിയോടെയാണ് വിവരം ലഭിച്ചതെന്ന് നദൗതി പൊലീസ് ഓഫീസര്‍ ബാബുലാൽ വാര്‍ത്താഏജന്‍സിയായ എ.എൻ.ഐയോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. ആരതി ബൈർവയെന്ന പെണ്‍കുട്ടിയാണ് മരിച്ചതെന്ന് പിന്നീട് തെളിഞ്ഞു.
ബൽഘട്ട് പോലീസ് സ്റ്റേഷന് കീഴിലുള്ള മോഹൻപുര ഗ്രാമത്തിലെ പെണ്‍കുട്ടിയാണ് ആരതി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഹിന്ദൗണിലെ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് അയച്ചിട്ടുണ്ട്. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഓഫീസര്‍ പറഞ്ഞു.