പത്തനംതിട്ടയിൽ അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ച സംഭവം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി; സഹപാഠിയായ 17-കാരനെ ചോദ്യം ചെയ്തു

പത്തനംതിട്ടയിൽ അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ച സംഭവം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി; സഹപാഠിയായ 17-കാരനെ ചോദ്യം ചെയ്തു

പത്തനംതിട്ടയിൽ അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായത് ആത്മഹത്യാശ്രമത്തിന് പിന്നാലെയാണെന്നാണ് പോലീസിന്റെ നിഗമനം. പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കുട്ടി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തു.

കുട്ടിയുടെ ബാഗില്‍നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. അച്ഛനും അമ്മയും ക്ഷമിക്കണമെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. തന്നെ ഒരു അധ്യാപികയായി കാണണമെന്നായിരുന്നു അമ്മയുടെ ആഗ്രഹമെന്നും അത് സാധിക്കാതെ പോയതിലുള്ള വിഷമവും കുറിപ്പില്‍ പങ്കുവെച്ചിട്ടുണ്ട്.

അതിനിടെ, പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്ന സഹപാഠിയായ 17-കാരനെ പോലീസ് വ്യാഴാഴ്ച ചോദ്യംചെയ്തു. തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് സഹപാഠി മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതൃത്വം തെളിയിക്കാനുള്ള ഡി.എന്‍.എ. പരിശോധനയ്ക്കായി 17-കാരന്റെ രക്തസാമ്പിളും പോലീസ് ശേഖരിക്കും.

പനി ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. പനി ബാധിച്ച് ആരോഗ്യനില മോശമായതിനാല്‍ പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22-ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

അതിനിടെ, അമിത അളവില്‍ ചില മരുന്നുകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലെത്തിയതായി സംശയമുണ്ടായിരുന്നു. മരണത്തില്‍ അസ്വാഭാവികതയുള്ളതിനാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയുംചെയ്തു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോക്‌സോ വകുപ്പുകളടക്കം ചുമത്തി പോലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.

A note was found in Pathanamthitta in the case of the death of a five-month-pregnant plus-two student

Leave a Reply