പൃഥിരാജ് അഹങ്കാരിയാണല്ലോ എന്ന് പ്രൊഡ്യൂസർ; എകെ സാജൻ

പൃഥിരാജ് അഹങ്കാരിയാണല്ലോ എന്ന് പ്രൊഡ്യൂസർ; എകെ സാജൻ

മലയാള സിനിമാ രം​ഗത്തെ താരരാജവായി കരിയറിലെ മികച്ച സമയത്താണ് പൃഥിരാജ്. 41 കാരനായ പൃഥിക്ക് ഇന്ന് കൈ നിറയെ അവസരങ്ങളാണ്. ആരാധകർക്ക് വലിയ പ്രതീക്ഷയുള്ള സിനിമകളാണ് റിലീസിന് ഒരുങ്ങുന്നത്. നടൻ, നിർമാതാവ്, സംവിധായകൻ തുടങ്ങി പല മേഖലകളിൽ പൃഥിരാജ് സാന്നിധ്യം അറിയിക്കുന്നു. കരിയറിൽ ഇന്ന് വാഴ്ത്തപ്പെടുന്നുണ്ടെങ്കിലും വിവാദങ്ങളും കുറ്റപ്പെടുത്തലുകളും പൃഥിയെ തേടി വന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു.
അഹങ്കാരിയാണെന്ന ആക്ഷേപം കരിയറിലെ തുടക്കകാലത്ത് പൃഥിരാജിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. മലയാള സിനിമാ ലോകത്തെ പ്രബലർ ന‌ടനെതിരെ തിരിഞ്ഞ സാഹചര്യവും ഉണ്ടായി. എന്നാൽ ഇതെല്ലാം മറികടന്ന് മോളിവുഡിൽ എ‌ടുത്ത് മാറ്റാൻ പറ്റാത്ത ഒരു സഥാനത്തേക്ക് പൃഥിരാജ് ഉയർന്നു. പൃഥിരാജിനെക്കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ എകെ സാജൻ.
ഇദ്ദേഹത്തിന്റെ പുതിയ സ്റ്റോപ് വയലൻസ് എന്ന സിനിമയിൽ നായകനായത് പൃഥിരാജാണ്. അന്ന് പൃഥിയു‌ടെ തുടക്ക കാലമാണ്. പുതുമുഖമാണെങ്കിലും അന്നേ പൃഥാരാജ് ഒരു താരത്തെ പോലെയാണ് പെരുമാറിയതെന്ന് എകെ സാജൻ പറയുന്നു. ഒ‌ട്ടും സൗന്ദര്യമുള്ള ഫ്രെയ്മുകളല്ല. ആ കഥ പറയാൻ എനിക്ക് താരത്തെ ആവശ്യമുണ്ടായിരുന്നില്ല. പുതിയ ആളെ വെക്കാമെന്ന് തീരുമാനിച്ചു. ആരെന്ന അന്വേഷണത്തിലാണ് പൃഥിയിലേക്കെത്തിയതെന്ന് എകെ സാജൻ പറയുന്നു. പൃഥിരാജിനെ ആദ്യമായി കണ്ടപ്പോൾ അയാളു‌ടെ കണ്ണിൽ ഒരു തീയുണ്ട്. അന്നേ ഒരു സ്റ്റാർ കിഡ് ആണ്. ആദ്യമായി കഥ പറയാൻ ചെന്നപ്പോൾ ഓ‌ടി എന്റെ കാലിൽ വീഴുമെന്നാണ് കരുതിയത്. കാരണം അടുത്ത പടം കിട്ടുകയല്ലേ. എന്നാൽ പൃഥിരാജ് പതിനഞ്ച് മിനുട്ട് എന്നെ ഇരുത്തി.
മുകളിൽ ഷൂട്ട് ആണ്. ഇവന് അഹങ്കാരമാണല്ലോ ആരാണിവൻ എന്ന് പ്രൊഡ്യൂസർ. അവന്റെ ആത്മവിശ്വാസമായിരിക്കുമെന്ന് ഞാൻ പറഞ്ഞു. അയാൾ വന്നിരുന്നപ്പോൾ തന്നെ ഒരു സ്റ്റാറിനെ കണ്ടു. ഇന്നത്തെ രാജുവിനെ പോലെയാണ് അന്നും വന്നിരിക്കുന്നത്. ഇരുന്ന ശേഷം കേൾക്കാം എന്ന് പറഞ്ഞു. എനിക്ക് ഉള്ളിൽ ചിരിയും വരുന്നുണ്ട്. പക്ഷെ അയാൾ താരമെന്ന നിലയിൽ അപ്പോഴേ പരുവപ്പെട്ടതാണെന്നും എകെ സാജൻ വ്യക്തമാക്കി.
അതേസമയം ഭയങ്കര കഷ്ട‌പ്പാടിലാണ് ആ സിനിമയിൽ പൃഥിരാജ് അഭിനയിച്ചതെന്നും എകെ സാജൻ പറയുന്നു. അത്ര സൗകര്യമേ ആ പടത്തിൽ തരാനുള്ളൂ. കുറഞ്ഞ ബഡ്ജറ്റാണ്. ആ പടത്തിൽ ഉപയോ​ഗിച്ച ബൈക്കിൽ തന്നെയാണ് ഹോട്ടലിൽ നിന്ന് ലൊക്കേഷനിലേക്ക് പൃഥിരാജ് വന്നത്. ഒരു സൂപ്പർസ്റ്റാറിനെ പോലെ തന്നെയാണ് അന്ന് രാജുവിന്റെ സമീപനം. രാത്രിയൊന്നും ഷൂട്ട് ചെയ്യാൻ സമ്മതിക്കില്ല. പക്ഷെ രാജു അന്ന് തന്നെ സക്സസ്ഫുൾ സ്റ്റാറായി. അയാൾ പരുങ്ങി നിൽക്കാതെ തന്റെ ത‌ട്ടകം ഇത് തന്നെയാണെന്ന് മനസിലാക്കിയെന്നും എകെ സാജൻ ചൂണ്ടിക്കാട്ടി.
പൃഥിരാജിന്റെ തുറന്ന‌ടിച്ച പ്രകൃതമാണ് തുടക്കകാലത്ത് നടന് വിനയായത്. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെ‌ടെയുള്ള താരങ്ങൾക്കെതിരെ പൃഥിരാജ് വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. രണ്ട് പേരും പ്രായത്തിന് ചേർന്ന കഥാപാത്രങ്ങൾ ചെയ്യുന്നില്ല എന്നായിരുന്നു വിമർശനം. പരാമർശം നടനെതിരെ വ്യാപക ആരാധക രോഷം ഉയരാൻ ഇ‌ടയാക്കി. അതേസമയം ഇന്ന് ഇത്തരം പരാമർശങ്ങളിൽ നിന്നും പൃഥിരാജ് മാറി നിൽക്കാറാണ് പതിവ്.

Leave a Reply