ടൈൽ പാകി മോടിപിടിപ്പിച്ച നടപ്പാതയുണ്ടായിട്ടും സുഗമമായ കാൽനടയാത്രപോലും സാധ്യമാകാതെയായിരിക്കുകയാണ് കാസർകോടിന്റെ നഗരഹൃദയം. മോടിപിടിപ്പിക്കലിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ പഴയ ബസ്സ്റ്റാൻഡിലെ ബസ് കാത്തിരിപ്പുകേന്ദ്രം പുനഃസ്ഥാപിച്ചിട്ടില്ല. അതിനാൽ ബസ്സ് കാത്തിരിക്കുന്നവർക്ക് സമീപത്തെ ഇരുമ്പുപൈപ്പ് കൊണ്ടുള്ള കൈവരിയിൽ താങ്ങിനിൽക്കേണ്ട അവസ്ഥയാണ്.തെരുവുകച്ചവടക്കാരുള്ളതിനാൽ കാൽനടയാത്രക്കാർക്ക് യാത്ര റോഡിലേക്ക് മാറ്റേണ്ടിവരും.
ഒന്നു ഇരുന്ന് വിശ്രമിക്കാനുള്ള സൗകര്യം പോലും നഗര ഹൃദയത്തിലില്ല. കാസർകോട് ജി.എച്ച്.എസ്.എസിന്റെ മതിലിനോട് ചേർന്നുള്ളിടത്താണ് ദൂരസ്ഥലങ്ങളിലേക്കുള്ള ബസുകൾ നിൽക്കുന്നത്. നടപ്പാതയോട് ചേർന്ന് ബസ് നിർത്തിയിട്ടാൽ അവിടെയുള്ള തെരുവുകച്ചവടക്കാരെ തട്ടി ആളുകൾക്ക് നിൽക്കാനാവില്ല. നേരത്തേയുണ്ടായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം നടപ്പാത ടൈൽ പാകുമ്പോൾ പൊളിച്ചുകളഞ്ഞതാണ്.നേരത്തെ പ്രസ് ക്ലബ് ജങ്ഷനിലും ഒരു ബസ് കാത്തിരിപ്പുകേന്ദ്രമുണ്ടായതും നീക്കിയതല്ലാതെ പുനഃസ്ഥാപിച്ചിട്ടില്ല. മധൂർ, സീതാംഗോളി, തലപ്പാടി ബസ് നിൽക്കുന്ന ഭാഗത്ത് ഒരു ഷെൽട്ടറും തൊട്ടപ്പുറത്ത് മേൽക്കൂരയില്ലാത്ത ഇരുമ്പ് ബെഞ്ചുമുള്ളതാണ് പഴയ ബസ്സ്റ്റാൻഡിലെ ആശ്വാസം.
കൂടാതെ ബസ്സ്റ്റാൻഡിനോട് ചേർന്ന് ശൗചാലയസകര്യം വേണമെന്ന് അധികൃതർക്ക് തോന്നിയിട്ടേയില്ല. നേരത്തേ ഒരു ഇ-ടോയ്ലറ്റ് സ്ഥാപിച്ചിരുന്നെങ്കിലും അതും ഇപ്പോഴില്ല. മുനിസിപ്പൽ ഷോപ്പിങ് സമുച്ചയത്തിൽ ശൗചാലയമുണ്ടെങ്കിലും നഗരത്തിലെത്തുന്നവർ അതെവിടെയെന്ന് കണ്ടെത്താൻ പാടുപെടുന്ന അവസ്ഥയാണ്.
coustry: mathrbhumi news