നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ യുവാക്കളെ പിടികൂടി മഞ്ചേശ്വരം പോലീസ്

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ യുവാക്കളെ പിടികൂടി മഞ്ചേശ്വരം പോലീസ്

വധശ്രമം, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ യുവാക്കളെ കാസർകോട് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. മിയാപ്പദവിലെ അബ്ദുൾ റഹീം (27), ബന്തിയോട് അടുക്കത്തെ അബ്ദുൾ ലത്തീഫ് (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഒളിവിലായിരുന്ന അബ്ദുൾ ലത്തീഫിനെ കോഴിക്കോട്ടെ ലോഡ്ജിൽ വെച്ചായിരുന്നു കുമ്പള എസ്.ഐ. വി.കെ. അനീഷും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേശ്വരം പോലീസ് അബ്ദുൾ റഹീമിനെ അറസ്റ്റ് ചെയ്യുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്കും തിരയും പോലീസ് പിടിച്ചെടുത്തു.

ഉപ്പള സോങ്കാലിലെ അൽത്താഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അബ്ദുൾ ലത്തീഫ്. ബന്തിയോട്ടെ മുജീബ് റഹ്‌മാന്റെ വീട് അടിച്ചുതകർത്ത കേസിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റ്. തോക്ക് കൈവശംവെച്ച കേസിലും ഇയാൾ പ്രതിയാണ്. കുമ്പള, മഞ്ചേശ്വരം പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്.അബ്ദുൾ റഹീമിനെതിരേ കർണാടകയിലെ സുള്ള്യ, പുത്തൂർ, വിട്‌ള എന്നിവിടങ്ങളിലും മഞ്ചേശ്വരം, കുമ്പള പോലീസ് സ്റ്റേഷനുകളിലുമായി 14 കേസുകളുണ്ട്. കാപ്പ കേസിൽ ജയിലിലായിരുന്ന ഇയാൾ ഒരുവർഷം മുൻപാണ് പുറത്തിറങ്ങിയത്. അതിനുശേഷം തോക്കുചൂണ്ടി വാഹനം തട്ടിക്കൊണ്ടുപോയതും പോലീസിനുനേരേ വെടിയുതിർക്കൽ, വധശ്രമമുൾപ്പെടെയുള്ള സംഭവങ്ങളിൽ പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു.

Leave a Reply