കരുനാഗപ്പള്ളി; പീഡനക്കേസ് പ്രതിയെ ലോക്കൽ സെക്രട്ടറിയാക്കിയെന്നാരോപിച്ച് സി.പി.എം ലോക്കൽ സമ്മേളനത്തിൽ കൂട്ടത്തല്ല്. നിരീക്ഷകരായി എത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ സമ്മേളന പ്രതിനിധികൾ പൂട്ടിയിട്ടു.
വിഭാഗീയതയെ തുടർന്ന് നിർത്തിവെച്ച സി.പി.എം ലോക്കൽ സമ്മേളനം പൂർത്തീകരിക്കാൻ നിരീക്ഷകരായി എത്തിയ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുൻ രാജ്യസഭാംഗം ബി. സോമപ്രസാദ്, കെ രാജഗോപാൽ തുടങ്ങിയവരെയാണ് സമ്മേളന പ്രതിനിധികൾ പൂട്ടിയിട്ടത്.
ഏറെ നേരത്തിന് ശേഷം തുറന്നുവിട്ടെങ്കിലും ഇവരുടെ വാഹനം സി.പി.എം പ്രവര്‍ത്തകര്‍ നടുറോഡിൽ തടഞ്ഞു. മുന്നിൽ കിടന്നാണ് പ്രവർത്തകർ വാഹനം തടഞ്ഞത്. ജില്ല സെക്രട്ടറിയേറ്റ് അംഗം ആയ രാധാമണിയെ പിന്‍വാതിലൂടെ പ്രവര്‍ത്തകര്‍ പുറത്തിറക്കി. നാലര മണിക്കൂറോളം നേതാക്കളെ പൂട്ടിയിട്ടു.
നിർത്തിവെച്ച കുലശേഖരപുരം വെസ്റ്റ്, കുലശേഖരപുരം ഈസ്റ്റ്, ലോക്കൽ സമ്മേളനങ്ങളാണ് രൂക്ഷമായ കയ്യാങ്കളിയിലും നേതാക്കളെ തടഞ്ഞു വെക്കലിലും എത്തിയത്. ആരോപണ വിധേയരായ രണ്ടുപേരെ ലോക്കൽ സെക്രട്ടറിമാർ ആക്കിയതിൽ പ്രതിഷേധിച്ചാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.
നേരത്ത തർക്കത്തെ തുടർന്ന് നിർത്തിവെച്ച ലോക്കൽ സമ്മേളനങ്ങൾ ഡിസംബർ രണ്ടിന് ആരംഭിക്കുന്ന ഏരിയാസമ്മേളനത്തിനു മുന്നോടിയായാണ് ഇപ്പോൾ സംഘടിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ നടത്താനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. ഇതുപ്രകാരം സമ്മേളനത്തിനെത്തിയ നേതാക്കളെയാണ് പൂട്ടിയിട്ടത്.
Conflict in CPM conference