തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. റിലീസ് ദിവസത്തോട് അടുക്കുന്നതോടെ വിവിധ തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വിജയ്-ലോകേഷ് കനകരാജ് ചിത്രത്തെക്കുറിച്ച് വരുന്നത്. അതേസമയം ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങള്‍ ഇതിനകം ഹിറ്റായിട്ടുണ്ട്. ദളപതി വിജയിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ച് ഇറക്കിയ ‘നാന്‍ റെഡി താന്‍’ ഗാനമാണ് ലിയോയില്‍ ആദ്യം ഇറങ്ങിയത്. വലിയ ഹിറ്റാണ് ചിത്രം.
എന്നാല്‍ അനിരുദ്ധ് സംഗീത സംവിധാനം ചെയ്ത ചിത്രത്തിലെ ഈ ഗാനം സംബന്ധിച്ചാണ് ഇപ്പോള്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്. 1300 ലേറെ ജൂനിയര്‍ ഡാന്‍സര്‍മാരെ ഉപയോഗിച്ചാണ് ഗാനത്തിന്റെ ചിത്രീകരണം നാല് മാസം മുന്‍പ് ചെന്നൈയില്‍ നടത്തിയത്. വലിയ വാര്‍ത്തയുമായിരുന്നു ഇത്. അതിന് പിന്നാലെ ചിത്രത്തിന്റെ ലിറിക് വീഡിയോ ഇറങ്ങി. ഇതില്‍ ആയിരക്കണക്കിന് ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ അണിനിരന്ന ഡാന്‍സിന്റെ ഭാഗങ്ങള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ചിത്രം റിലീസിനോട് അടുക്കുന്ന വേളയില്‍ ഈ രംഗത്ത് പ്രത്യക്ഷപ്പെട്ട ജൂനിയര്‍ ഡാന്‍സര്‍മാര്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്നാണ് പുതുതായി ഉയരുന്ന ആക്ഷേപം. നേരിട്ട് പലരും ടെക്‌നീഷ്യല്‍ യൂണിയനില്‍ അടക്കം പരാതിയുമായി എത്തിയെന്നാണ് വിവരം. നിര്‍മ്മാതാക്കളുടെ വിശദീകരണം തേടുവാന്‍ സിനിമയിലെ ജൂനിയര്‍ ആര്‍ടിസ്റ്റ് സംഘടന ഒരുങ്ങുകയാണ്.
എന്നാല്‍ യൂണിയന് പുറത്തുള്ള അനവധിപ്പേരും ഈ രംഗത്ത് പ്രത്യക്ഷപ്പെട്ടുവെന്നാണ് വിവരം. 1500 മുതല്‍ 2000രൂപ വരെ പ്രതിഫലം നിശ്ചയിച്ച് രംഗത്ത് നിര്‍ത്തിയിട്ടും ചില്ലിക്കാശ് കിട്ടിയില്ലെന്നാണ് ചിലര്‍ ആരോപിക്കുന്നത്. എന്തായാലും ഇവരെ അനുകൂലിച്ച് നിരവധിപ്പേരാണ് രംഗത്ത് വരുന്നത്. അതേസമയം അനാവശ്യ വിവാദം ലിയോ റിലീസ് തടയുന്നതിന്റെ ഭാഗമാണ് എന്ന് ആരോപിച്ച് വിജയ് ആരാധകരും രംഗത്തുണ്ട്.
അതേസമയം ഇതേ ഗാനത്തിനായി തയ്യാറാക്കിയ സെറ്റ് പൊളിച്ച് വിറ്റ് നിര്‍മ്മാതാക്കള്‍ ലക്ഷക്കണക്കിന് രൂപ ഉണ്ടാക്കിയെന്ന് അടുത്തിടെ സിനിമ ചെറു ബാലു ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അത് എങ്കിലും ഈ ഡാന്‍സര്‍മാര്‍ക്ക് ശമ്പളം കൊടുക്കാന്‍ മുടക്കാമായിരുന്നില്ലെ എന്ന് അടക്കം വിമര്‍ശനം വരുന്നുണ്ട്. എന്തായാലും ഒക്ടോബര്‍ 19നുള്ള ലിയോയുടെ റിലീസ് ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍.