കാമുകൻ ഹാപ്പിയാവണം, മന്ത്രവാദിക്ക് നൽകാൻ കാമുകി ഓഫീസില്‍ നിന്നും അടിച്ചെടുത്തത് അഞ്ചുകോടി!

കാമുകൻ ഹാപ്പിയാവണം, മന്ത്രവാദിക്ക് നൽകാൻ കാമുകി ഓഫീസില്‍ നിന്നും അടിച്ചെടുത്തത് അഞ്ചുകോടി!

പ്രണയത്തിന് വേണ്ടി മനുഷ്യർ എന്തും ചെയ്യാൻ തയ്യാറാകും എന്ന് പറയാറുണ്ട്. എത്ര ദൂരം സഞ്ചരിച്ചും ഏത് അതിരുകൾ കടന്നും തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാൻ എത്തുന്നവരുണ്ട്. അതുപോലെ തങ്ങൾ പ്രണയിക്കുന്നവർക്ക് വേണ്ടി എത്രകാലം കാത്തിരിക്കാനും എത്ര സ്നേഹം വാരിവിതറാനും ഒക്കെ തയ്യാറാകുന്നവരും ഉണ്ട്. അതേസമയം തന്നെ പ്രണയത്തിന് വേണ്ടി അതിവിചിത്രം എന്നൊക്കെ തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ തയ്യാറാകുന്നവരും ഈ ലോകത്തുണ്ട്. അതിലൊരാളാണ് ചൈനയിൽ നിന്നുള്ള ഈ യുവതി എന്ന് പറയേണ്ടി വരും. 

തന്റെ കാമുകൻ തന്നെ വിട്ട് പോകാതിരിക്കാനും തങ്ങളുടെ ബന്ധത്തിൽ സന്തോഷവാനായിരിക്കാനും വേണ്ടി മന്ത്രവാദം ചെയ്യാൻ വേണ്ടി യുവതി മുടക്കിയത് വൻ തുകയാണ്. തീർന്നില്ല, അതിനുവേണ്ടി ഓഫീസിൽ നിന്നും അഞ്ചുകോടി രൂപയാണ് ഇവർ മോഷ്ടിച്ചെടുത്തത്. വടക്കുകിഴക്കൻ ചൈനയിലുള്ള ലിയോണിംഗ് പ്രവിശ്യയിൽ താമസിക്കുന്ന വാങ് എന്ന സർനെയിമുള്ള സ്ത്രീയാണ് മോഷണം നടത്തിയത്. അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് ഇവർ. മോഷണത്തിന് പിന്നാലെ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

വാങ്ങിന്റെയും കാമുകന്റെയും ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ, കാമുകൻ ആ ബന്ധത്തിൽ സന്തോഷമായിട്ടിരിക്കാനും ഒരിക്കലും തന്നെ പിരിഞ്ഞുപോവാതിരിക്കാനും വാങ് ആ​ഗ്രഹിച്ചു. അതിനാൽ തന്നെ മന്ത്രവാദികളുടെയും ജ്യോതിഷികളുടേയും എല്ലാം പരസ്യങ്ങൾ അവൾ ശ്രദ്ധിച്ചിരുന്നു. നിരവധി തുകകൾ മുടക്കി ഒരുപാട് മന്ത്രവാദങ്ങളും ചെയ്തു. അതിനിടയിലാണ് തായ് രീതിയിലുള്ള മന്ത്രവാദത്തിലൂടെ താൻ അവളെ സഹായിക്കാം എന്നും പറഞ്ഞ് ഒരാൾ എത്തിയത്. അയാൾക്കും അവൾ വൻതുക നൽകി. 

എന്നാൽ, പിന്നാലെ അവളുടെ കമ്പനി അവളെ കയ്യോടെ പിടികൂടി. എന്നാൽ, അഞ്ചുകോടി മോഷ്ടിച്ചതിൽ യാതൊരു കുറ്റബോധവും അവൾ പ്രകടിപ്പിച്ചിരുന്നില്ല. മന്ത്രവാദത്തിന് ശേഷം കാമുകൻ ഹാപ്പിയാണ് എന്നാണ് അവൾ വിശ്വസിക്കുന്നത്. അതുപോലെ, മോഷ്ടിച്ച തുക കൊണ്ട് നിരവധി ആഡംബര ബാ​ഗുകളും അവൾ വാങ്ങിയതായി കണ്ടെത്തി. 

Leave a Reply