പത്തനംതിട്ട: ഇടയാറൻമുളയിൽ വിദ്യാർത്ഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ സസ്പെന്റ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. എരുമക്കാട് ഗുരുക്കൻ കുന്ന് സർക്കാർ എൽപി സ്കൂൾ അധ്യാപകൻ ബിനോജിനെയാണ് സസ്പെന്റ് ചെയ്തത്. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് ഐഎഎസിനോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു. സംഭവത്തിൽ എഇഒയുടെ റിപ്പോർട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
അധ്യാപകർക്ക് വിദ്യാർത്ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവുമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. അധ്യാപകൻ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ആദിവാസി വിഭാഗത്തിൽപെട്ട വിദ്യാർത്ഥിനിയെയാണ് അധ്യാപകൻ ചൂരൽ കൊണ്ട് മർദ്ദിച്ചത്. സംഭവത്തിൽ ബിനോജിനെതിരെ കേസെടുത്തിട്ടുണ്ട്. ആറന്മുള പൊലീസ് ആണ് കേസെടുത്തത്. മൂന്നാം ക്ലാസുകാരിക്കാണ് മർദ്ദനമേറ്റത്. ഹോംവർക്ക് എഴുതാത്തിന് അധ്യാപകൻ അടിച്ചെന്ന് വിദ്യാർത്ഥിനി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. അധ്യാപകൻ ക്ലാസിലെ തറയിൽ ഇരുത്തി. കൈകൾക്ക് നല്ല വേദനയുണ്ടെന്നും ഇനി ആ സ്കൂളിൽ പഠിക്കാൻ പോകുന്നില്ലെന്നും കുട്ടി പറഞ്ഞു. പരിക്കേറ്റ കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജെ ജെ ആക്ട് പ്രകാരവും ചൂരൽ കൊണ്ട് മർദ്ദിച്ചതിനും ഐപിസി 324 പ്രകാരവുമാണ് അധ്യാപകനെതിരെ കേസ്.