സ്ത്രീ ആരാധകരുടെ സാമീപ്യം ഭാര്യ എങ്ങനെ കൈകാര്യം ചെയ്യുന്നു ?സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ മമ്മൂട്ടിയുടെ സ്വാധീനം?; പ്രതികരിച്ച് ദുൽഖർ

സ്ത്രീ ആരാധകരുടെ സാമീപ്യം ഭാര്യ എങ്ങനെ കൈകാര്യം ചെയ്യുന്നു ?സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ മമ്മൂട്ടിയുടെ സ്വാധീനം?; പ്രതികരിച്ച് ദുൽഖർ

കൊച്ചി: മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പോലും ദുല്‍ഖര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ദുൽഖർ സൽമാന്റേതായി സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായി വരാനുള്ളത് ‘കിം​ഗ് ഓഫ് കൊത്ത’യാണ്. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാം തന്നെ കാഴ്ചക്കാരും ഏറെയാണ്. 

ഇപ്പോള്‍ വളരെ വ്യക്തിപരമായ ചില കാര്യങ്ങള്‍ കൂടി പറയുകയാണ് ദുല്‍ഖര്‍. തന്‍റെ താരപദവി ഭാര്യ വലിയ കാര്യമായി കാണുന്നില്ലെന്നാണ് ഇ ടൈംസുമായി നടത്തിയ സംഭാഷണത്തില്‍ ദുല്‍ഖര്‍ പറയുന്നത്. സ്ത്രീ ആരാധകരുടെയും മറ്റും സാമീപ്യം എങ്ങനെ ഭാര്യ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന ചോദ്യത്തിന് ദുല്‍ഖറിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. “ഞാൻ ഒരു അഭിനേതാവോ താരമോ ആണെന്ന് എന്റെ ഭാര്യ പൂർണ്ണമായി അംഗീകരിച്ചതായി ഞാൻ കരുതുന്നില്ല. 

ഞാന്‍ ഒരു ജോലിക്ക് പോകുന്നു തിരിച്ചു വരുന്നു എന്ന് മാത്രമേ അവര്‍ വിചാരിക്കുന്നുള്ളൂ. ഒരാൾ തന്നോടൊപ്പമുള്ള ഒരു ഫോട്ടോ പോസ് ചെയ്യാന്‍ വന്നപ്പോള്‍ ഭാര്യ വളരെ ആശ്ചര്യപ്പെട്ടുവെന്ന് ഡിക്യു പറയുന്നു. “നിങ്ങൾ വീട്ടിൽ എന്താണെന്ന് എനിക്കറിയാം. നിങ്ങളെ നടനായി സ്ക്രീനില്‍ മാത്രമേ പ്രേക്ഷകര്‍ കാണുന്നുള്ളൂ. യഥാർത്ഥ ദുല്‍ഖറിനൊപ്പം ജീവിക്കുന്നയാളാണ് ഞാൻ എന്ന് ഭാര്യ പറയും” ദുല്‍ഖര്‍ പറഞ്ഞു.

സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ പിതാവ് മമ്മൂട്ടിയുടെ സ്വാധീനമുണ്ടോ എന്ന ചോദ്യത്തിന് കൂടുതൽ സിനിമകൾ ചെയ്യാൻ മമ്മൂട്ടി പലപ്പോഴും തന്നോട് നിര്‍ദേശിക്കാറുണ്ടെന്ന് ദുൽഖർ പറയുന്നു. “അദ്ദേഹം ഒരു വർഷത്തിൽ ഏകദേശം അഞ്ച് സിനിമകൾ ചെയ്യും. ഞാൻ  എട്ട് ഒമ്പത് മാസം ദൈർഘ്യമുള്ള പ്രോജക്ടുകളിലാണ് സാധാരണഗതിയിൽ  പ്രവര്‍ത്തിക്കുന്നത്. ‘വർഷത്തിൽ ഒരു സിനിമ മാത്രം ചെയ്താൽ വീട്ടിലേക്ക്  വരാൻ കഴിയില്ല’ എന്നാണ് അദ്ദേഹം എന്നോട് പറയാറുള്ളത്’ -ദുല്‍ഖര്‍ പറഞ്ഞു.

വരാനിരിക്കുന്ന കിം​ഗ് ഓഫ് കൊത്ത സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷബീർ കല്ലറക്കൽ,പ്രസന്ന, ഐശ്വര്യാ ലക്ഷ്മി, നൈലാ ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ,വാടാ ചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓണത്തിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്‌.

അതേ സമയം കഴിഞ്ഞ ദിവസം ദുല്‍ഖര്‍ നായകനായ പ്രണയ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. ‘ഹീരിയേ’ എന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജസ്‌ലീൻ റോയലാണ്. ജസ്‍ലീൻ റോയലും അർജിത്‌ സിങ്ങും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആദിത്യ ശര്‍മ വരികളുമെഴുതിയ ഗാനത്തിന്റെ വീഡിയോയില്‍ ദുല്‍ഖറിനൊപ്പം ജസ്‍ലീൻ റോയലും വേഷമിട്ടിരിക്കുന്നു.

Leave a Reply