പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ സമൂഹമാധ്യങ്ങളിലേക്ക് തിരിച്ച് എത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. സ്റ്റയിലിഷ് ചിത്രവുമായാണ് ഇടവേളയ്ക്കു ശേഷം ഫാഷൻ ലോകത്തേക്ക് തിരിച്ചെത്തിയതായി അച്ചു ഉമ്മൻ പ്രഖ്യാപിച്ചത്. ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രം പങ്കുവച്ചാണ് അച്ചു ഉമ്മന്റെ മടങ്ങിവരവ് അറിയിച്ചത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചു ഉമ്മനെതിരെ വ്യാപകമായ സൈബർ ആക്രമണം അരങ്ങേറിയിരുന്നു. അച്ചു ഉമ്മന്റെ സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങൾവച്ച് അതിൽ ഉപയോഗിച്ചിരിക്കുന്ന വിലകൂടിയ വസ്തുക്കൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു സൈബർ ആക്രമണം. സൈബർ ആക്രമണത്തിനെതിരെ അച്ചു ഉമ്മൻ പൊലീസിൽ പരാതിയും നൽകി.
ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും കോലാഹലങ്ങൾക്കും ശേഷമാണ് പുതിയ വേഷത്തിൽ സൈബർ ലോകത്തേക്കുള്ള അച്ചു ഉമ്മന്റെ തിരിച്ചുവരവ്. ഡാഷ് ആൻഡ് ഡോട്ട് എന്ന ഫാഷൻ ബ്രാൻഡിന്റെ സ്ലീവ്‌ലെസ് പാന്റ് സ്യൂട്ടാണ് ഇതിൽ അച്ചു ഉമ്മന്റെ വേഷം. മുത്തുകൾ പതിപ്പിച്ച ചുവന്ന ലെതർ ബാഗും കയ്യിലുണ്ട്.