ബിഗ് ബോസ് മലയാളം സീസൺ 4 വിജയത്തോടെയാണ് ദിൽഷ പ്രസന്നൻ മലയാളികളുടെ മനസിൽ ഇടം നേടിയത്. അനൂപ് മേനോന്റെ നായികയായി സിനിമയിൽ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് ദിൽഷ പ്രസന്നൻ. സിനിമയെന്ന സ്വപ്നം സീസൺ ഫോറിൽ പങ്കെടുത്ത മത്സരാർത്ഥികളിൽ ആദ്യം കയ്യെത്തി പിടിച്ചത് ദിൽഷയാണ്.ബിഗ് ബോസിലേക്ക് പോകുന്നതിന് മുമ്പ് ചില സീരിയലുകളിൽ മാത്രമാണ് ദിൽഷ മുഖം കാണിച്ചിട്ടുള്ളത്. എങ്കിലും സിനിമയിലെ നായിക വേഷം ഒരു സ്വപ്നമാണെന്നത് ദിൽഷ പലപ്പോഴായി പറഞ്ഞിരുന്നു. ഓ സിൻഡ്രല്ല എന്ന സിനിമയിലൂടെയാണ് ദിൽഷയുടെ സിനിമാ അരങ്ങേറ്റം. അനൂപ് മേനോനാണ് ചിത്രത്തിൽ നായകൻ.
അജു വർഗീസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ദിനേശ് പ്രഭാകർ, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റ് താരങ്ങൾ. റെണോൾസ് റഹ്മാനാണ് സംവിധാനം. ഛായാഗ്രഹണം മഹാദേവൻ തമ്പി. അടുത്തിടെ സിനിമയുടേതായി പുറത്തിറങ്ങിയ ടീസറിനും പാട്ടിനുമെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
സിനിമയിലും ഒരു ഡാൻസറുടെ കഥാപാത്രമാണ് ദിൽഷ അവതരിപ്പിക്കുന്നത്. തുടക്കത്തിൽ അഭിനയിക്കാൻ ചെന്നപ്പോൾ കയ്യും കാലും ഉപയോഗിച്ചാണ് അഭിനയിച്ചിരുന്നതെന്നും അനൂപ് മേനോനാണ് അതെല്ലം തിരുത്തി തന്നതെന്നും ദിൽഷ പറഞ്ഞിരുന്നു. പരിഹാസങ്ങളും പുച്ഛവും നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നാണ് ദിൽഷ തന്റെ സ്വപ്നങ്ങൾ ഓരോന്നായി നേടുന്നത്.
ബിഗ് ബോസ് വിജയിച്ച് പുറത്തിറങ്ങിയ ശേഷം ദിൽഷയോളം പരിഹാസം ഏറ്റുവാങ്ങിയ മറ്റൊരു പെൺകുട്ടിയുമില്ല. മാസങ്ങളോളം അഭിമുഖങ്ങളിൽ പോലും ദിൽഷ അധികം പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ ഇന്ന് ഒഴുക്കിനെതിരെ നീന്തി പലരും സ്വപ്നം കാണുന്ന വേദികൾ താരം കീഴടക്കുകയാണ്.അടുത്തിടെ ദിൽഷയും റംസാനും ഒരുമിച്ച് ചെയ്ത ഡാൻസ് റീൽ വീഡിയോ സാക്ഷാൽ എ.ആർ റഹ്മാൻ വരെ സ്റ്റോറിയിൽ ഷെയർ ചെയ്തിരുന്നു. ഇപ്പോഴും സ്റ്റോജിൽ ഡാൻസ് കളിക്കാൻ കയറുമ്പോൾ ബിഗ് ബോസിലെ സംഭവങ്ങൾ വെച്ച് തന്നെ പലരും തേപ്പുകാരി എന്ന് വിളിച്ച് പരിഹസിക്കാറുണ്ടെന്നും അത് അവഗണിച്ച് ധൈര്യം സംഭരിച്ചാണ് നൃത്തം ചെയ്യുന്നതെന്നും ദിൽഷ ഐ ആം വിത്ത് ധന്യ വർമ എന്ന ചാറ്റ് ഷോയിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു.
‘ബിഗ് ബോസിന് ശേഷം എന്നെപ്പോലെ ലൈഫ് സെറ്റിലായ ശേഷം മാത്രം വിവാഹം കഴിച്ചാൽ മതിയെന്നും മുപ്പതോ മുപ്പത്തിരണ്ടോ വയസായാലും കുഴപ്പമില്ലെന്നും ആഗ്രഹം പറഞ്ഞ് പല പെൺകുട്ടികളും മെസേജ് ചെയ്യാറുണ്ട്.’ഇരുപത്തിമൂന്നാമത്തെ വയസിൽ വിവാഹം കഴിക്കണമെന്ന സങ്കൽപ്പത്തിൽ താൽപര്യമില്ലെന്നും പല പെൺകുട്ടികളും പറയാറുണ്ട്. അതുപോലെ തന്നെ ചിലർ പരിഹസിക്കാറുമുണ്ട്. മുപ്പത് വയസായിട്ടും ഞാൻ വിവാഹിതയാകാത്തതിനാൽ പലരും എന്നെ കിളവി എന്ന് വിളിക്കാറുണ്ട്. ഞാൻ ഒരു കിളവിയായി എന്ന് എനിക്കിപ്പോഴും തോന്നിയിട്ടില്ല.’
‘എന്റെ കരിയർ ഞാൻ ഇപ്പോൾ തുടങ്ങിയിട്ടേയുള്ളു. നാൽപ്പത് അല്ല അമ്പത് വയസായാലും ആക്ടീവായി ഇരിക്കണമെന്നാണ് എന്റെ ആഗ്രഹം. ഇത്രയും നല്ലൊരാളെ കിട്ടിയിട്ടും കല്യാണം കഴിക്കാതെ ലൈഫ് ഇങ്ങനെ കൊണ്ടുപോകുന്നതിന് നിനക്ക് നാണമില്ലേ എന്ന് ചോദിച്ചും മെസേജ് വരാറുണ്ട്.”ഇരുപത്തിരണ്ട് വയസ് കഴിഞ്ഞാൽ പെൺകുട്ടികൾ കല്യാണം കഴിക്കണം അല്ലാതെ ഡാൻസ് കളിച്ച് നടക്കുകയല്ല വേണ്ടതെന്നും മെസേജ് പെൺകുട്ടികളിൽ നിന്നും തന്നെ വരാറുണ്ടെന്നും’, ദിൽഷ പറയുന്നു.
എല്ലാം തയ്യാറായി സ്റ്റേജിൽ ഡാൻസ് കളിക്കാൻ കയറുമ്പോൾ സദസിൽ നിന്നും എനിക്കൊപ്പം ബിഗ് ബോസിൽ മത്സരിച്ച വ്യക്തിയുടെ പേര് കൂടി ചേർത്ത് തന്നെ തേപ്പുകാരിയെന്ന് വിളിക്കാറുണ്ടെന്നും ദിൽഷ പറയുന്നു. റംസാനൊപ്പമാണ് ദിൽഷയുടെ ഡാൻസ് റീലുകൾ ഏറെയും. അതിന്റെ പേരിലും ദിൽഷ പരിഹാസം കേൾക്കാറുണ്ട്