ദുബൈ മാളില്‍ ഫോണ്‍ വാങ്ങാൻ എത്തിയവരെ നിയന്ത്രിക്കാനായി പ്രത്യേക സുരക്ഷ ജീവനക്കാരെ നിയമിച്ചു. രാവിലെ ഷോപ്പുകള്‍ തുറക്കുന്നതിന് മുമ്പ് തന്നെ വൻ ജനക്കൂട്ടമാണ് ഷോപ്പിന് മുന്നില്‍ തടിച്ചുകൂടിയിരുന്നത്. ആപ്പിള്‍ സ്റ്റോറുകള്‍ സന്ദര്‍ശിക്കുന്നതിനായി പ്രത്യേക വരികളും ക്രമീകരിച്ചിരുന്നു. കേരളത്തില്‍നിന്നുള്ള 34കാരനായ സെയ്ദ് ഫവാസ് ആയിരുന്നു ദുബൈ മാളിലെ ഐഫോണ്‍ സ്റ്റോറില്‍നിന്ന് ആദ്യ ഫോണ്‍ നേടിയത്. രണ്ടു ഫോണുകളാണ് ഇദ്ദേഹം വാങ്ങിയത്. അതൊരു നിക്ഷേപമാണെന്നാണ് ഇദ്ദേഹത്തിന്‍റെ അഭിപ്രായം.
അതേസമയം, റഷ്യൻ തലസ്ഥാനമായ മോസ്കോയില്‍നിന്നുള്ള 15കാരിയായ സോഫിയ തരസോവ സഹോദരനൊപ്പം ഒരാഴ്ച മുമ്ബ് ദുബൈയില്‍ എത്തിയതിന്‍റെ പ്രധാന ലക്ഷ്യവും ഐഫോണ്‍ 15 സ്വന്തമാക്കാനായിരുന്നു. നാലു ഫോണുകളാണ് ഇവര്‍ വാങ്ങിയത്.ഇത് റഷ്യയില്‍ എത്തിച്ച് വില്‍ക്കാനാണ് തീരുമാനം. ഐഫോണ്‍ 15 പ്രോ മാക്സിന് റഷ്യയില്‍ 4,500 ഡോളര്‍ വരെ വില ലഭിക്കുമെന്നാണ് സോഫിയ പറയുന്നത്. റഷ്യയില്‍ യു.എസ് ഉപരോധം മൂലം ഫോണ്‍ ലഭിക്കില്ല. ഇതു മൂലമാണ് കൂടുതല്‍ പേരും ദുബൈയില്‍ വന്ന് ഫോണ്‍ വാങ്ങുന്നതത്രേ.
പലരും സ്വന്തം നാട്ടില്‍ വൻ നികുതി നല്‍കുന്നതില്‍ നിന്ന് ഇളവ് തേടിയാണ് ദുബൈയിലെത്തുന്നത്. വെള്ളിയാഴ്ച എട്ട് മണിക്കായിരുന്നു പുതിയ ഫോണിന്‍റെ ദുബൈ ലോഞ്ചിങ് ടൈം. പുലര്‍ച്ചെ തന്നെ പലരും ക്യൂവില്‍ ഇടം പിടിച്ചിരുന്നു. ജനക്കൂട്ടത്തില്‍ കൂടുതല്‍ പേരും യുവാക്കളായിരുന്നു. അബൂദബിയിലും വൻ തിരക്കാണ് അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ 15 പ്രോ മാക്സ് 5,099 ദിര്‍ഹം മുതലാണ് വില. ആവശ്യക്കാര്‍ കൂടുതലുണ്ടെന്ന് കണ്ട് ചില ഷോപ്പുകാര്‍ കൂടിയ വിലക്ക് സെക്കൻഡ് ഹാൻഡ് മാര്‍ക്കറ്റുകളില്‍ വില്‍ക്കാനും ശ്രമിച്ചിരുന്നു.