മഹുവ മൊയ്ത്രയെ പൂട്ടാൻ 500 പേജുള്ള റിപ്പോർട്ടുമായി പാർലമെൻറ് എത്തിക്സ് കമ്മിറ്റി

മഹുവ മൊയ്ത്രയെ പൂട്ടാൻ 500 പേജുള്ള റിപ്പോർട്ടുമായി പാർലമെൻറ് എത്തിക്സ് കമ്മിറ്റി

ദില്ലി: ചോദ്യത്തിന് കോഴ ആരോപണത്തില്‍ മഹുവ മൊയ്ത്രയെ പുറത്താക്കണമെന്ന ശുപാര്‍ശയുമായി പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റി. ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള പണമിടപാട് സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും അഞ്ഞൂറ് പേജുള്ള റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ വൈകുന്നേരം നാല് മണിക്ക് എത്തിക്സ് കമ്മിറ്റി യോഗം ചേരും.

മഹുവ മൊയ്ത്രയെ പൂട്ടാന്‍ തന്നെയാണ് എത്തിക്സ് കമ്മിറ്റിയുടെ തീരുമാനം. എംപിയായി  ഇനി ഒരു നിമിഷം പോലും ലോക്സഭയിലിരിക്കാന്‍  മഹുവ യോഗ്യയല്ലെന്നാണ് ബിജെപിക്ക് ഭൂരിപക്ഷമുള്ള എത്തിക്സ് കമ്മിറ്റിയുടെ നിലപാട്. ഹീനവും കുറ്റകരവുമാണ് മഹുവയുടെ ചെയ്തികള്‍. അതുകൊണ്ട് തന്നെ കടുത്ത ശിക്ഷക്ക് യോഗ്യയുമാണ്. സമിതിയിലെ ബിജെപി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. 

പാര്‍ലമെന്‍റ് ലോഗിന്‍ ഐഡിയും പാസ് വേഡും ഒരു ബിസിനസ് ഗ്രൂപ്പിന് നല്‍കിയത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. ചോദ്യങ്ങള്‍ തയ്യാറാക്കാനായി ഒരു പിഎയെ ചുമതലപ്പെടുത്തുന്നത് പോലെ ആ  ചെയ്തിയെ  നിസാരവത്ക്കരിക്കാനാകില്ല. വിലയേറിയ മേക്കപ്പ് സാധനങ്ങള്‍ ഉപഹാരങ്ങളായി കൈപ്പറ്റിയതും പദവിക്ക് നിരക്കുന്നതല്ല. പലപ്പോഴായി മൂന്ന് കോടിയോളം രൂപ മഹുവ ഹിരാനന്ദാനി ഗ്രൂപ്പില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ടെന്നാണ് പരാതി. അതേ കുറിച്ച് സര്‍ക്കാരിന്‍റെ അന്വേഷണ ഏജൻസികൾ പരിശോധിക്കണമെന്നും എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

തന്‍റെ പരാതിയില്‍ ലോക് പാല്‍ മഹുവക്കെതിരെ സിബിഐ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയതായി  നിഷികാന്ത് ദുബൈ എംപി വ്യക്തമാക്കിയിരുന്നു. എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെതിരെ  പ്രതിപക്ഷം വിയോജന കുറിപ്പ് നല്‍കുമെങ്കിലും ഭൂരിപക്ഷം ബിജെപിക്കായതിനാല്‍ മഹുവക്ക് ഗുണമാകില്ല. റിപ്പോര്‍ട്ട് എത്രയും വേഗം സ്പീക്കര്‍ക്ക് കൈമാറി പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ തന്നെ നടപടിയെടുപ്പിക്കാനാണ് ബിജെപിയുടെ നീക്കം. 

Leave a Reply