സുരേഷ് ഗോപിയെ വേണ്ട; എതിര്‍പ്പുമായി സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികൾ

സുരേഷ് ഗോപിയെ വേണ്ട; എതിര്‍പ്പുമായി സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികൾ

നടന്‍ സുരേഷ് ഗോപിയെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി വിദ്യാര്‍ത്ഥി യൂണിയന്‍. സുരേഷ് ഗോപിയെ അധ്യക്ഷനായി നാമനിര്‍ദേശം ചെയ്യുന്ന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ തീരുമാനത്തെ എതിര്‍ത്ത് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസ്താവന പുറത്തിറക്കി.

25 വര്‍ഷത്തെ പാരമ്പര്യമുള്ള ഒരു സ്ഥാപനമാണ് എസ്ആര്‍എഫ്ടിഐ. ഇതിഹാസ ചലച്ചിത്രകാരന്‍ സത്യജിത് റേയുടെ പാരമ്പര്യം പേറുന്ന സ്ഥാപനം. സ്ഥാപനത്തിന് കലാപരവും ബൗദ്ധികവുമായ മികവിന്റെ സമ്പന്നമായ ചരിത്രമുണ്ട്. വൈവിധ്യമാര്‍ന്ന ശബ്ദങ്ങളും ആശങ്ങളും കൊണ്ട് സമ്പന്നാണ് ഈ സ്ഥാപനം. അത്തരമൊരിടം നിലനിന്നു പോകാന്‍ കലാപരമായ സ്വാതന്ത്ര്യം, ബഹുസ്വരത, ഉള്‍ക്കൊള്ളല്‍ എന്നീ മൂല്യങ്ങള്‍ അനിവാര്യമാണ്.

എന്നാല്‍, സുരേഷ് ഗോപിയെ അധ്യക്ഷനാക്കാനുള്ള നാമനിര്‍ദ്ദേശം ആശങ്കാജനകമാണ്. ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ പിന്തുടരുന്ന നടനായ സുരേഷ് ഗോപി ബിജെപിയുടെ സജീവ നേതാവുമാണ്. രാജ്യത്തിന്റെ മതേതര ഘടനയെ ഭീഷണിപ്പെടുത്തുന്ന ധ്രുവീകരണ പ്രസ്താവനകള്‍ അദ്ദേഹത്തില്‍ നിന്ന് പലപ്പോഴും ഉണ്ടായിട്ടുണ്ട്.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ഒരാള്‍ പ്രത്യേകിച്ച് ധ്രുവീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാള്‍ തലപ്പത്തു വന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉയര്‍ത്തിപ്പിടിക്കുന്ന നിഷ്പക്ഷതയുടെയും കലാപരമായ സ്വാതന്ത്ര്യത്തിന്റെയും തത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യലാകും. സര്‍ഗ്ഗാത്മകതയ്ക്കും കലാപരമായ ആവിഷ്‌കാരത്തിനും തുറന്ന സംഭാഷണത്തിനും വേണ്ടിയുള്ള ഒരു സങ്കേതമാണ് എസ്ആര്‍എഫ്ടിഐ. ഈ സ്ഥാപനത്തിന്റെ തലവന്‍ ഈ മൂല്യങ്ങളെ പ്രതിനിധീകരിക്കുകയും അവ പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അവരുടെ ആശയങ്ങള്‍ പക്ഷപാതമോ പ്രത്യയശാസ്ത്രപരമായ നിയന്ത്രണങ്ങളോ ഭയപ്പെടാതെ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ കഴിയണം. സുരേഷ് ഗോപിയെ നാമനിര്‍ദ്ദേശം ചെയ്യുന്നതിലൂടെ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥി സമൂഹം ആശങ്കാകുലരാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കലാപരവും അക്കാദമികവുമായ പ്രവര്‍ത്തനങ്ങളെ ഇത്തരം നിയമനങ്ങള്‍ പ്രതികൂലമായി ബാധിച്ചേക്കാം. അതിനാല്‍, സ്ഥാപനത്തിന്റെ പ്രശസ്തിയും കലാപരമായ മികവും കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന വ്യക്തിയാകണം അധ്യക്ഷനെന്നും പ്രസ്താവനയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ വ്യക്തമാക്കി.

മുന്‍ രാജ്യസഭാംഗവും ചലച്ചിത്ര താരവുമായ സുരേഷ് ഗോപിക്ക് കൊല്‍ക്കത്ത ആസ്ഥാനമായുള്ള സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എസ്ആര്‍എഫ്ടിഐ) അധ്യക്ഷനായി നിയമനം നല്‍കിയത് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് അറിയിച്ചത്. മൂന്ന് വര്‍ഷത്തേയ്ക്കാണ് നിയമനം.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൊസൈറ്റി & ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനമാകും സുരേഷ് ഗോപി വഹിക്കുകയെന്ന് അനുരാഗ് താക്കൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ ഉള്‍പ്പെടുന്നതാണ് സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. 1995 ലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്. രാജ്യത്തെ സിനിമ ടെലിവിഷന്‍ പഠന രംഗത്തെ മുന്‍നിര സ്ഥാപനമാണ്. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ പ്രവര്‍ത്തനം.

Leave a Reply