‘ഭാര്യയും ഭർത്താവും’ ഇല്ലാതാകുമോ?; സ്വവർഗ വിവാഹത്തിൽ സുപ്രീംകോടതിയുടെ നിർണായക വിധി ഉടൻ

‘ഭാര്യയും ഭർത്താവും’ ഇല്ലാതാകുമോ?; സ്വവർഗ വിവാഹത്തിൽ സുപ്രീംകോടതിയുടെ നിർണായക വിധി ഉടൻ

ന്യൂഡൽഹി∙ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിർണായക വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷാൻ കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്. നരസിംഹ എന്നിവരുൾപ്പെട്ട അഞ്ചംഗ ബെഞ്ചാണ് വിധി പറയുന്നത്. സ്പെഷൽ മാരേജ് ആക്ട്, വിദേശ വിവാഹ നിയമം തുടങ്ങിയവയിലെ നിയമസാധുതകൾ പരിശോധിച്ച ശേഷമായിരിക്കും വിധിപ്രസ്താവം.

പത്തുദിവസം നീണ്ട വാദം കേൾക്കലിനു ശേഷമാണ് കോടതി ഇന്ന് വിധി പറയുന്നത്. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തിരുന്നു. സ്വവർഗ വിവാഹം നഗരവരേണ്യ വർഗത്തിന്റെ കാഴ്ചപ്പാടാണെന്നും പാർലമെന്റാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടതെന്നുമാണ് സർക്കാരിന്റെ വാദം. കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ ഇല്ലാതെ ഇങ്ങനെ ആരോപിക്കാനാവില്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതു വരേണ്യരുടെ മാത്രം വിഷയമല്ലെന്നു വ്യക്തമാക്കാൻ, കുടുംബം ഉപേക്ഷിച്ചതോടെ തെരുവിൽ ഭിക്ഷ യാചിക്കേണ്ടിവന്ന സാഹചര്യം സ്വന്തം ജീവിതത്തിലുണ്ടെന്നു ഹർജിക്കാരിയായ സൈനബ് പട്ടേലും ചൂണ്ടിക്കാട്ടി.

സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന 21 ഹർജികളിലാണ് സുപ്രീം കോടതി ഇന്ന് വിധി പറയുന്നത്. മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, അഭിഷേക് മനു സിങ്‍വി, രാജു രാമചന്ദ്രൻ, ആനന്ദ ഗ്രോവർ, മേനക ഗുരുസ്വാമി തുടങ്ങിയവരാണു ഹർജിക്കാർക്കുവേണ്ടി വാദിച്ചത്. സ്വവർഗ വിവാഹത്തിനു സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം നിയമസാധുത ഉറപ്പാക്കണമെന്ന് ഇവർ കോടതിയെ അറിയിച്ചു. അതുപോലെ സ്വവർഗാനുരാഗികൾക്കു രാജ്യത്ത് സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്നും മറ്റു ക്ഷേമാനുകൂല്യങ്ങൾ നൽകണമെന്നും ഇവർ കോടതിയിൽ വാദിച്ചു.

2023 ഏപ്രിൽ 18 മുതൽ മേയ് 11 വരെ പത്തുദിവസങ്ങളിലായി 40 മണിക്കൂറോളമാണ് ഭരണഘടനാ ബെഞ്ച് ഈ ഹർജികളിൽ വാദം കേട്ടത്. 1954ലെ സ്പെഷൽ മാരേജ് ആക്ടിലെ നാലാം വകുപ്പു പ്രകാരം 21 വയസ്സു കഴിഞ്ഞ പുരുഷനും 18 വയസ്സുള്ള സ്ത്രീക്കും വിവാഹിതരാകാം. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം എന്നത് ഒഴിവാക്കി രണ്ടു വ്യക്തികൾ തമ്മിലുള്ള വിവാഹം എന്ന ആവശ്യം പരിഗണിക്കുമെന്നാണ് ഹർജികളിൽ വാദം കേട്ട വേളയിൽ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചത്. പുരുഷനും സ്ത്രീയും എന്നത് വ്യക്തികൾ എന്നും ഭാര്യയും ഭർത്താവും എന്നത് ദമ്പതികൾ എന്നും മാറ്റണമെന്നാണ് ഹർജിക്കാരുടെ വാദം.

ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാൻ ഇന്ത്യൻ ഭരണണഘടന പൗരന്മാർക്ക് അവകാശം നൽകുന്നുണ്ട്. എന്നാൽ ലിംഗപരമായ വിവേചനം ഇതിലുണ്ടാകരുതെന്നാണ് ഹർജിക്കാരുടെ വാദം. സ്വവർഗ വിവാഹത്തിനു നിയമസാധുത ഇല്ലാത്തതിനാൽ ഈ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കൽ, പിൻതുടർച്ചാവകാശം, ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങൽ,ഇൻഷുറൻസ് പോളിസി എടുക്കൽ എന്നിങ്ങനെ പലകാര്യങ്ങളിലും തടസം നേരിടുന്നതായും ഹർജിക്കാർ ചൂണ്ടിക്കാട്ടി. സ്വവർഗ വിവാഹം പാർലമെന്റിന്റെ പരിധിയിൽ വരുന്ന വിഷയമാണെങ്കിലും സ്വവർഗ ദമ്പതികൾക്ക് സാമൂഹികവും നിയമപരവുമായ അവകാശങ്ങൾ വിവാഹത്തിന്റെ പേരിൽ നിഷേധിക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

1954ലെ സ്പെഷൽ മാരേജ് ആക്ട്, 1955ലെ ഹിന്ദു വിവാഹ നിയമം, 1969ലെ വിദേശ വിവാഹ നിയമം എന്നിവയിൽ സ്വവർഗ വിവാഹം റജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്നാണ് ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിൽ വ്യക്തി നിയമങ്ങളുമായി ബന്ധപ്പെടുത്തി സ്വവർഗ വിവാഹത്തിന്റെ നിയമസാധുത കോടതി പരിശോധിച്ചിട്ടില്ല.

Leave a Reply